c

ലിങ്കുകൾ ചോരുന്നു

കൊല്ലം: കുട്ടികളുടെ ഓൺലൈൻ ക്‌ളാസുകളിൽ നുഴഞ്ഞുകയറി 'തമാശ' കാട്ടുന്നവർക്ക് ലിങ്കുകൾ ലഭിക്കുന്നത് കുട്ടികളുടെ കൈകളിൽ നിന്നെന്ന് പൊലീസ്. കരുതൽ വേണമെന്ന് ആവർത്തിക്കുമ്പോഴും പാലിക്കപ്പെടാറില്ലെന്നതാണ് സത്യം.

മിക്ക രക്ഷിതാക്കളും കുട്ടികളുടെ വാശിക്ക് മുന്നിൽ വഴങ്ങിയാണ് മൊബൈൽ ഫോണുകൾ നൽകുന്നത്. ഇവർ ഉപയോഗിക്കുന്നതിനിടയിൽ പല നമ്പറുകളിലേക്കും സന്ദേശങ്ങൾ പോകും. ഇത് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സുരക്ഷിതത്വത്തിന് ഒരുപോലെ വെല്ലുവിളിയാണ്.

ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ ക്ളാസ് റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിംഗുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെട്ടു. 40 പേരുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തിയ സംഭവവും സംസ്ഥാനത്തുണ്ടായിട്ടുണ്ട്.

കുട്ടികളെ തിരിച്ചറിയാനാവുന്നില്ല

ക്‌ളാസുകൾ ഓൺലൈനായതിനാൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ അദ്ധ്യപകർക്ക് പരിചയമുണ്ടാകില്ല. മാതാപിതാക്കളുടെ ഐ.ഡി ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിനും പരിമിതികളുണ്ട്.

എങ്ങനെ തടയാം

1. ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറരുത്

2. സ്കൂൾ അധികൃതർ, കുട്ടികൾ, രക്ഷിതാക്കൾക്കുമിടയിൽ ബോധവത്‌കരണം

3. സൂം, ടീം മീറ്റിംഗുകളിൽ അഡ്മിൻ കൺട്രോൾ, വെയ്റ്റിംഗ് റൂം, ലോക്ക് ദി മീറ്റിംഗ് ഓപ്‌ഷനുകൾ ഉപയോഗിക്കുക

4. കുട്ടികളുടെ പേരുചേർത്തുള്ള ഐ.ഡി ഉപയോഗിക്കുക

5. വിദ്യാർത്ഥികൾക്കുള്ള ഐ.ഡി സൃഷ്ടിച്ചാൽ അവർക്ക് നേരിട്ട് ക്‌ളാസുകളിൽ കയറാം

6. മറ്റുള്ളവരെത്തിയാൽ ' ആസ്ക് ടു ജോയിൻ" ഓപ്ഷൻ ഉപയോഗിക്കേണ്ടി വരും