കരുനാഗപ്പള്ളി: കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് പടനായർകുളങ്ങര തെക്ക് കൃപയിൽ അഡ്വ. കെ.കെ. രാധാകൃഷ്ണൻ (72) അന്തരിച്ചു. കൊവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.45 ഓടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആലപ്പാട്ട് ചെറിയഴീക്കൽ തുറയിൽ കളരിപ്പറമ്പിൽ കൃഷ്ണപ്പണിക്കരുടെയും സരജാക്ഷിയുടെയും രണ്ടാമത്തെ മകനാണ്. ധീവരസഭ കൊല്ലം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, തീരദേശ വികസന അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം, കേരള ഫിഷറീസ് സർവകലാശാല പ്രഥമ ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ശേഷം സമുദായ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: നിഥിൻകൃഷ്ണൻ (റവന്യൂ വകുപ്പ്, കരുനാഗപ്പള്ളി), മഞ്ജു കൃഷ്ണൻ (ആരോഗ്യ വകുപ്പ് , ഓച്ചിറ). മരുമക്കൾ: ദർശന, അഡ്വ. രഞ്ജിത്ത്.