കൊല്ലം: നാടൻ ഏത്തക്കുല,​ റംബൂട്ടാൻ,​ചേനത്തണ്ട്,​ വാഴക്കൂമ്പ് ,​ മുരിങ്ങക്ക മുതൽ കൃഷിയ്ക്കാവശ്യമായ വിത്തും തൈകളും മറ്റ് സാമഗ്രികളുമൊക്കെയായി ഹരിതസമൃദ്ധമാണ് കൊട്ടാരക്കര ഇഞ്ചക്കാട്ട് തുറന്ന ഗ്രാമവിപണി. മുന്നൂറ് കർഷകരാണ് ഗ്രാമവിപണിയുടെ പ്രധാന മൂലധനം. ഇവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളാണ് ഇഞ്ചക്കാട് പാലരുവി ഗ്രാമവിപണിയിലൂടെ വിറ്റഴിക്കുക. നബാർഡിന്റെ സഹായത്തോടെ കേരളബാങ്ക് വഴി കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കിയാണ് കൃഷിയിറക്കിയത്. കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയും കൂടുതൽപേരെ കാർഷിക രംഗത്തേക്ക് ഇറക്കാനുമാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ എം.സി റോഡിന്റെ അരികിലായി ഇഞ്ചക്കാട് തുടങ്ങിയ ഗ്രാമവിപണി മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. ആദ്യ വില്പന മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി.നാഥ്‌ നിർവഹിച്ചു. നബാർഡ് ഡി.ഡി.എം ടി.കെ.പ്രേംകുമാർ, ബിജു.കെ.മാത്യു, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, എൻ.ബേബി, എസ്.രഞ്ജിത്ത് കുമാർ, ആർ.രാജേഷ്, ബി.മിനി എന്നിവർ പങ്കെടുത്തു. പാലരുവി ആപ് വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്തിനുള്ള സൗകര്യവും ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി ചെയർമാൻ ബിജു കെ.മാത്യു അറിയിച്ചു.