പത്തനാപുരം : പിറവന്തൂർ പെരുന്തോയിൽ കമ്പി ലൈനിൽ അംഗപരിമിതനായ പ്രസാദിന്റെ വീട്ടിൽ നിന്ന് 2020 മാർച്ച് മാസത്തിലാണ് വിലകൂടിയ മൊബൈൽ ഫോണും മനോവൈകല്യമുള്ള അമ്മയുടെ ഒന്നര പവൻ സ്വർണമാലയും മോഷണം പോയത്. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചെങ്കിലും മോഷ്ടാവ് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മൊബൈൽ മോഷ്ടാവ് ആരെന്ന് തെളിഞ്ഞതായി പത്തനാപുരം പൊലീസ് പ്രസാദിനെ അറിയിച്ചു. എന്നാൽ ഇതിനോടൊപ്പം മോഷണം പോയ മാലയെ പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മോഷണത്തിൽ പ്രസാദിന്റെ വീട്ടിൽ പെയിന്റിംഗ് ജോലിക്ക് വന്ന യുവാക്കളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം നടന്നത്. അതിൽ ഒരാളാണ് ഇപ്പോൾ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ടു പൊലീസ് പിടികൂടി വിട്ടയച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ പ്രസാദ് അപകടത്തിൽപ്പെട്ട് രണ്ട് കാലുകൾ ഒടിഞ്ഞും നടുവിന് ക്ഷതം സംഭവിച്ചും കമ്പി ഇട്ട് ഇപ്പോഴും ചികിത്സയിലാണ് . പ്രസാദും മനോവൈകല്യമുള്ള മാതാവും ഭാര്യയുമ ടങ്ങുന്നതാണ് കുടുംബം. സംഭവത്തിൽ പ്രതികളെ സഹായിക്കുന്നതിന് ചില രാഷ്ട്രീയ കക്ഷികൾ ഇടപെടുന്നുണ്ടന്ന് പ്രസാദ് ആരോപിക്കുന്നു. മാലമോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നാണ് പ്രസാദിന്റെ ആവശ്യം.