കൊല്ലം: പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ. കരുണാകരനെന്ന് കെ.പി.സി.സി ജന. സെക്രട്ടറി എ. ഷാനവാസ്ഖാൻ പറഞ്ഞു. വികസനപാതയിൽ കേരളത്തെ നയിച്ചതും വ്യവസായ ശാലകളിൽ ആധുനികവത്കരണം നടത്തിയതും അദ്ദേഹമാണ്. ലീഡറിന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഡി.സി.സിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജന. സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജി. ജയപ്രകാശ്, കൃഷ്ണവേണി ശർമ്മ, ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ, ഡി. ഗീതാകൃഷ്ണൻ, അനീഷ് അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.