അഞ്ചൽ: അഞ്ചലിൽ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതി. ഇതേകുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളായ അഞ്ചൽ ഗ്രാമപഞ്ചായത്തംഗം ബിനുവും മുൻ ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ എം. മണിക്കുട്ടനും റവന്യൂ മന്ത്രിയ്ക്കും കൊല്ലം ജില്ലാ കളക്ടർക്കും പരാതി നൽകി. അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണാണ് പൊതുമരാമത്ത് വകുപ്പിന്റെ ബോർ‌ഡ് വച്ച ടിപ്പറുകളിൽ ബൈപ്പാസ് നിർമ്മാണത്തിനെന്ന പേരിൽ സമീപത്തെ സ്വകാര്യവ്യക്തിയുടെ നിലങ്ങൾ നികത്താനെടുക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് തങ്ങളെയും നാട്ടുകാരെയും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അഞ്ചൽ വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവരുടെയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയാണ് നിലം നികത്തൽ നടക്കുന്നതെന്നും ആരോപണമുണ്ട്. നിലം നികത്തുന്നതിന് അനുമതി നേടികൊടുക്കാൻ ചില ഏജന്റുമാരും വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നും പരാതിയിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി അഞ്ചൽ മേഖലയിൽ വ്യാപകമായി നടക്കുന്ന നിലം നികത്തൽ സംബന്ധിച്ച് വില്ലേജ് ഓഫീസറെ മാറ്റി നിറുത്തി സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. ഭരണ കക്ഷി റവന്യൂ യൂണിയന്റെ നേതാവായ വില്ലേജ് ഓഫീസറുടെ കീഴിൽ ഇവിടെ നടന്നിട്ടുള്ള എല്ലാ അഴിമതികളെക്കുറിച്ചും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. സ്ഥലം മാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചാണ് വില്ലേജ് ഓഫീസറുൾപ്പടെയുളള ചില റവന്യൂ ഉദ്യോഗസ്ഥർ അഞ്ചലിൽ തുടരുന്നതെന്നും ഇവരെ മാറ്റി നിറുത്തി അഴിമതിയെകുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.