wedding-stage
wedding stage

കരുനാഗപ്പള്ളി: ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് പന്തൽ നിർമ്മാണം തുടങ്ങിയ ചെറുകിട നിർമ്മാതാക്കൾ ജപ്തി ഭീഷണിയിൽ. കൊവിഡ് പിടിമുറിക്കിയതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ബാങ്കിലെ മുതലും പലിശയും അടയ്ക്കാൻ കഴിയാതെ പന്തൽ നിർമ്മാതാക്കൾ വലയുകയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കല്യാണ ആവശ്യങ്ങൾക്കായി വാങ്ങിയ അലങ്കാര സാധനങ്ങൾ നശിച്ച് പോയി. കഴിഞ്ഞ ഒന്നര വർഷമായി ഒരു പണിയുമില്ലാതെ ഈ മേഖല പ്രതിസന്ധി നേരിടുകയാണ്.

അലങ്കാരസാധനങ്ങൾ നശിച്ചു

വീട്ടിലെ ദൈനം ദിന ആവശ്യങ്ങൾ പോലും മുടങ്ങിക്കിടക്കുമ്പോൾ ബാങ്കിലെ വായ്പാ തുക എങ്ങനെ അടയ്ക്കാൻ കഴിയുമെന്നാണ് പന്തൽ നിർമ്മാതാവായ കോഴിക്കോട് പതിയിൽ പ്രകാശ് ചോദിക്കുന്നത്. ബാങ്കിൽ നിന്നാണെങ്കിൽ നിരന്തരമായി നോട്ടീസ് വരികയാണ്. ബാങ്കുകളിലെ ഉദ്യോഗസ്ഥർ വായ്പ കുടിശ്ശിക വരുത്തിയവരുടെ വീടുകളിൽ വാഹനങ്ങളിൽ എത്തുന്നതും പതിവായി. ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കല്യാണ ആവശ്യത്തിനുള്ള അലങ്കാര സാധനങ്ങൾ ഉൾപ്പടെ വാങ്ങിയത്. കാലപ്പഴക്കത്തിൽ ഇതെല്ലാം നശിച്ച് പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി. തറയിൽ വിരിക്കുന്ന പരവതാനി മാത്രമാണ് കേട് കൂടാതെ സൂക്ഷിക്കാൻ കഴിയുന്നത്. സിംഹാസനം പോലുള്ള കസേരകൾ എല്ലാം നശിച്ച് തുടങ്ങി. നിലവിൽ മിക്ക കല്യാണങ്ങളും ഓഡിറ്റോറിയങ്ങളിൽ വെച്ചാണ് നടക്കുന്നതെങ്കിലും വിവാഹ വേദി അലങ്കരിക്കുന്നത് പന്തൽ നിർമ്മാതാക്കളാണ്. ആഡംബരമായി കല്യാണം നടത്തുന്നവർ ലക്ഷങ്ങൾ മുടക്കിയാണ് വിവാഹ വേദി മോടി പിടിപ്പിക്കുന്നത്.

തൊഴിലും വരുമാനവും ഇല്ല

കൊവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ നിയമത്തിന് വിധേയമായി മാത്രമേ വിവാഹങ്ങൾ നടത്താനാകൂ. ഇതോടെ പന്തൽ നിർമ്മാതാക്കളുടെ തൊഴിലും വരുമാനവും പൂർണമായും അടഞ്ഞു. കരുനാഗപ്പള്ളി താലൂക്കിൽ മാത്രമായി 200 ഓളം പന്തൽ നിർമ്മാതാക്കളാണ് ഉള്ളത്. ഇവരെ ചുറ്റിപ്പറ്റി നൂറ് കണക്കിന് പന്തൽ തൊഴിലാളികളുമുണ്ട്. വരുമാനം നിലച്ചതോടെ തൊഴിലാളികളുടെ കുടംബങ്ങളും അർദ്ധ പട്ടിണിയിലാണ്. ഈ നില തുടർന്നാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥവരും. ഇത് മുന്നിൽ കണ്ട് പന്തൽ നിർമ്മാണ മേഖലയെ സഹായിക്കാൻ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ഈ മേഖലയിൽ പണി എടുക്കുന്നവർ ആവശ്യപ്പെടുന്നത്.