പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 80 സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ 8ലക്ഷം രൂപയുടെ വിദ്യാതരംഗിണി പലിശ രഹിത വായ്പ നൽകി. ഒരു വിദ്യാർത്ഥിക്ക് പരമാവധി 10,000 രൂപ വരെയാണ് വായ്പ നൽകിയത്. ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ.ജെ.രാജൻ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തെന്മല ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടറർ ബോർഡ് അംഗങ്ങളായ സെയ്ദ് മുഹമ്മദ്,സിബിൽ ബാബു,ആർ.ബാബു, ബാങ്ക് സെക്രട്ടറി എം.ഡി.ഷേർളി, സി.പി.എം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുരേഷ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ തുടങ്ങിയവർ സംസരിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള അപേക്ഷ നൽകിയ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പലിശ രഹിത വായ്പകൾ വിതരണം ചെയ്തു.ഇത് കൂടാതെ സമീപത്തെ ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യമായി സി.സി.ടി. വി കാമറ സ്ഥാപിക്കുകയും ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോണുകളും ടെലിവിഷനും ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകിയിരുന്നു. ഇതിനൊപ്പം പ്രദേശവാസികൾക്ക് വേനൽക്കാലത്ത് സൗജന്യ കുടിവെള്ള വിതരണവും കൊവിഡ് വ്യാപനങ്ങളെ തുടർന്ന് സൗജന്യ ആംബുൻസ് സർവീസും നടത്തി.