vismaya

കുന്നത്തൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി. പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങൾ ശരിവച്ചാണ് മജിസ്‌ട്രേട്ട് എ. ഹാഷിം ജാമ്യാപേക്ഷ തള്ളിയത്.

ഇന്നലെ രണ്ടാം തവണയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിസ്മയ തൂങ്ങി മരിച്ചതാണെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിനിടെ പ്രതിക്ക് കൊവിഡ് ബാധിച്ച് സബ് ജയിലിലേയ്ക്ക് മാറ്റിയതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയായില്ലെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാനായരുടെ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടതായാണ് കാണിക്കുന്നതെന്നും വാദിച്ചു.