കൊല്ലം: കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 4 ഓടെ തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ഇരവിപുരം സുനാമി ഫ്ലാറ്റ് 11ൽ ജൂഡ്സണിന്റെയും സുനിതയുടെയും മകൻ ജിത്തുവാണ് (17) മരിച്ചത്.
സൈക്കിളിൽ ഇരവിപുരത്ത് നിന്ന് സുഹൃത്ത് ഷിബിനൊപ്പം വാടിയിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. വിവാഹശേഷം വൈകിട്ടൊടെ ഇരുവരും തിരുമുല്ലവാരത്തെത്തി. കുളത്തിന്റെ മറുകരയിലേയ്ക്ക് ഒരുമിച്ച് നീന്തുന്നതിനിടയിൽ ജിത്തുവിന്റെ കൈ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്ത് കരയിൽ നീന്തിയെത്തി നാട്ടുകാരെ വിവരം അറിയിച്ചു. ചാമക്കടയിൽ നിന്ന് ഫയർഫോഴ്സും കടപ്പാക്കടയിൽ നിന്നുള്ള സ്കൂബാ സംഘവും നാട്ടുകാരും അരമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഐ.ടി.ഐ അഡ്മിഷൻ എടുത്തശേഷം ക്ലാസ് ആരംഭിക്കുന്നതിന് കാത്തിരിക്കുകയായിരുന്നു മരിച്ച ജിത്തു. വെസ്റ്റ് പൊലീസ് കേസെടുത്തു. സഹോദരൻ: രാഹുൽ.