ശാസ്താംകോട്ട: കൊവിഡ് ബാധിതനെ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പള്ളിശേരിക്കൽ തുരുത്തിയിൽ നിർമ്മാണ തൊഴിലാളിയായ രാജേന്ദ്രനാണ് (51) മരിച്ചത്. ശക്തമായ പനിയെ തുടർന്ന് ഞായറാഴ്ച നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ വീട്ടിൽ സൗകര്യക്കുറവുള്ളതിനാലാണ് ഭരണിക്കാവിലെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന രാജേന്ദ്രനെ രാവിലെ ചായയുമായി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ കൃഷ്ണകുമാരി കൊവിഡ് ബാധിതയായി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്രന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: മാളവിക, മഹി.