c

കൊല്ലം: നഗരത്തിൽ മോഷണവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായ സാഹചര്യത്തിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കി പൊലീസ്. 30 ഫുട് പട്രോളിംഗ് സംഘങ്ങളും 16 ബൈക്ക് സംഘങ്ങളുമാകും നിരീക്ഷണം നടത്തുക. ഒരു എ.സി.പിയുടെയും മൂന്ന് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലാണ് പട്രോളിംഗ്. കമ്മിഷണറുടെ ദ്രുതകർമ്മസേനയുടെ സേവനവും രാത്രികാലങ്ങളിൽ ഇവർക്ക് ലഭ്യമാക്കും. നഗരത്തിലെ മൊബൈൽ ഷോപ്പിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ സംഘത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളിൽ നിന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇവർ ഉടൻ പിടിയിലാകും.

നഗരത്തിലെ സി.സി.ടി.വി കാമറകൾ നിരീക്ഷിക്കുന്നതിന് പൊലീസ് കൺട്രോൾ റൂമിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രാത്രികാലത്ത് നിരത്തുകളിൽ പൊലീസിന്റെ നിരന്തര സാന്നിദ്ധ്യമുണ്ടാകുന്നത് സാമൂഹ്യവിരുദ്ധശല്യവും മോഷണങ്ങളും കുറയ്ക്കുമെന്ന് കമ്മിഷണർ ടി. നാരായണൻ പറഞ്ഞു.