phot

പുനലൂർ: നവീകരണം പൂർത്തിയാക്കി രണ്ട് വർഷം മുമ്പ് നാടിന് സമർപ്പിച്ച ചരിത്ര സ്മാരകമായ പുനലൂരിലെ തൂക്ക് പാലം വീണ്ടും നാശത്തിലേക്ക് നീങ്ങുന്നതായി ആരോപണം. 1.25കോടി രൂപ ചെലവഴിച്ച് നവീകരിച്ച തൂക്ക് പാലമാണ് നാശത്തിലേക്ക് നീങ്ങുന്നത്. അധികൃതർ അന്ന് നൽകിയ വാഗ്ദാനങ്ങളിൽ പലതും ഇന്നും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. വിനോദസഞ്ചാരികൾക്കായി പാലത്തിനുളളിൽ ഇരിപ്പിടങ്ങൾ, രണ്ട് കരകളിലും പൂന്തോട്ടമടക്കമുള്ളവ സ്ഥാപിക്കുമെന്ന വാഗ്ദാനമാണ് പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയത്. രണ്ട് ചങ്ങലകളിൽ കൊളുത്തിയിട്ടിരിക്കുന്ന കരിങ്കൽ ആർച്ചുകളിൽ ആൽ മരം വളർന്ന് ഉയർന്നിട്ടുണ്ട്. ഉപരിതലത്തിൽ പാകിയിരിക്കുന്ന തമ്പക പലകകൾ അകന്ന് തുടങ്ങിയെങ്കിലും സംരക്ഷിക്കാൻ നടപടിയില്ല.

1.25കോടി രൂപയിൽ നിർമ്മിച്ച തൂക്ക് പാലം

കൊവിഡ് വ്യാപനങ്ങളെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായി അഞ്ച് മാസത്തോളം വിനോദസഞ്ചാരികൾക്ക് തൂക്ക് പാലം സന്ദർശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. രണ്ടാം ഘട്ട കൊവിഡ് വ്യാപനങ്ങൾ കാരണം ഇപ്പോഴും അടച്ച് പൂട്ടിയിരിക്കുകയാണ് .അതോടെ കരിങ്കൽ ആർച്ചുകളിൽ ആലുകൾ വളരാൻ തുടങ്ങി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൂക്കു പാലം അഞ്ച് വർഷം മുമ്പ് ഉപരി തലത്തിലെ പലകകളും മറ്റും നശിച്ച് വർഷങ്ങളോളം അടച്ച് പൂട്ടിയിരുന്നു. തുടർന്ന് സാമൂഹിക ,സാംസ്കാരിക,രാഷ്ട്രീയ പ്രവർത്തകർ രണ്ട് വർഷം നടത്തിയ നിരന്തരമായ സമരത്തെ തുടർന്നാണ് പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. ഇതിനാവശ്യമായ തമ്പക തടികൾ വനം വകുപ്പ് വിലയ്ക്ക് നൽകിയിരുന്നു. ഇതാണ് പാലത്തിന്റെ ഉപരിതലത്തിൽ പാകിയിരിക്കുന്നത് .എന്നാൽ പാലത്തിന്റെ രണ്ട് കരകളിലും ചേർത്ത് പലകകൾ പാകാതിരുന്നത് വിനോദസഞ്ചാരികൾക്ക് ഭീഷണിയായി

രിക്കുകയാണ്.

ചരിത്ര സ്മാരകം

1877ൽ ബ്രിട്ടീഷ്കാരുടെ കാലത്താണ് പുനലൂർ വഴി കടന്ന് പോകുന്ന കല്ലടയാറിന്ന് മദ്ധ്യേ തൂക്ക് പാലം പണിതത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളും മറ്റും വാഹനങ്ങളിൽ കടത്തി കൊണ്ട് പോകനായിരുന്നു പ്രധാനമായും തൂക്ക് പാലം പണികഴിപ്പിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. ആറിന്റെ രണ്ട് കരയിലും നാല് കിണറുകൾ സ്ഥാപിച്ച ശേഷം രണ്ട് കരിങ്കൽ ആർച്ചുകൾ വഴി രണ്ട് കൂറ്റൻ ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. ചങ്ങലകൾ ബന്ധിപ്പിച്ചിരിക്കുന്നത് നാല് കിണറുകൾക്കുള്ളിലാണ്.