drugs

കൊല്ലം: മാരകമയക്കുമരുന്നുകളുടെ ഹബ്ബായി കൊല്ലം നഗരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവും എം.ഡി.എം.എ എന്ന മാരക സിന്തറ്റിക് ലഹരി പദാ‌ർത്ഥങ്ങളും ഉൾപ്പെടെ ക്വിന്റൽ കണക്കിന് ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ്,​ സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവേട്ട.

തിരുവനന്തപുരം നെടുമങ്ങാട് പൂവച്ചൽ ദേശത്ത് ലക്ഷം വീട് കോളനി നമ്പർ 18 ൽ മുഹമ്മദ് ഇൻഫാൽ (25) ഇരവിപുരം സാബു നിവാസിൽ സക്കീർ ഹുസൈൻ (29 ) എന്നിവരാണ് 2.285 ഗ്രാം മെത്തലിൻ ഡയോക്സി മെത്താംമ്പിറ്റാമിനുമായി(എം.ഡി.എം.എ)​ കഴിഞ്ഞദിവസം കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദിന്റെ പിടിയിലായത്. മുഹമ്മദ് ഇൻഫാൽ ബംഗളുരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ ഏജന്റ് മുഖാന്തിരം ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപം വച്ച് സക്കീർ ഹുസൈന് കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇരവിപുരം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്ക്മരുന്ന് ഉപയോഗവും കച്ചവടവും വർദ്ധിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതികൾ പിടിയിലായത്. നഗരത്തിലെ കഞ്ചാവ് മൊത്തവ്യാപാരികളായ ആണ്ടാമുക്കം ഉണ്ണിയെന്ന അനിൽകുമാർ,​ കൂട്ടാളി വേട്ടുതറ സ്വദേശി സുരേഷ് എന്നിവരെ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലെ പാരിപ്പള്ളിയിൽ നിന്ന് അരക്വിന്റലോളം കഞ്ചാവ് ശേഖരവും പിടിച്ചെടുത്തു.

കൊല്ലം മയക്കുമരുന്ന് താവളം

കൊല്ലം നഗരവും പരിസര പ്രദേശങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ കമ്പോളമാണ്. ഏതാനും മാസം മുമ്പ് നഗരത്തോട് ചേ‌ർന്ന് കിടക്കുന്ന ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് എം.ഡി.എം.എയുടെ മൊത്തവിതരണം നടത്തിയിരുന്ന ആശ്രാമം സ്വദേശി ദീപു,​ സഹായി അൽത്താഫ് എന്നിവരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫിനെ (അമൽ -26) ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് നഗരം കേന്ദ്രീകരിച്ച് കാലങ്ങളായി നടന്നുവരികയായിരുന്ന കോടികളുടെ മയക്കുമരുന്ന് വിപണനത്തിന്റെ അറിയാക്കഥകളായിരുന്നു.

കൊല്ലം നഗരത്തിലെ എം.ഡി.എം.എയുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിടിയിലായ ദീപു. ദീപുവിന്റെ സുഹൃത്താണ് കേസിലെ രണ്ടാം പ്രതിയായ അൽത്താഫ്. ദീപു ഉൾപ്പെടെ നിരവധി പേരുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ടുകളും കൊറിയർ ഇടപാടുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അൽത്താഫിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ മയക്കുമരുന്ന് കച്ചവടം നടത്തിയ ഇനത്തിൽ അൽത്താഫ് മുക്കാൽ കോടി രൂപയുടെ ഇടപാട് നടത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മംഗലാപുരം, മുംബെയ്, ചെന്നൈ എന്നിവിടങ്ങളിൽ വേരുകളുള്ള ലഹരിമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് അൽത്താഫ്.

ഇടപാട് മറ്റൊരാളുടെ അക്കൗണ്ടിൽ

പിടിക്കപ്പെടാതിരിക്കാനും അഥവാ പിടിക്കപ്പെട്ടാൽ അന്വേഷണം നേരിട്ട് തങ്ങളിലേക്ക് നീളാതിരിക്കാനും മുൻകൂട്ടിതയ്യാറെടുത്താണ് അൽത്താഫ് ലഹരിമരുന്ന് വ്യാപാരത്തിനിറങ്ങിത്തിരിച്ചത്. കൊല്ലത്തെ സുഹൃത്ത് വഴി ചെന്നൈയിലുള്ള ഒരു മലയാളിയുടെ അക്കൗണ്ടിൽ പണം അയച്ചാണ് അൽത്താഫ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ചെന്നൈയിലുള്ള ആൾ കൊറിയർ വഴി കൊല്ലത്തേക്ക് അയയ്ക്കുന്ന ലഹരിമരുന്ന് കൊറിയർ ഓഫീസിലെത്തി കൈപ്പറ്റി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഒരുഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു എം.ഡി.എം.എയുടെ വിൽപ്പന.പത്ത് ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വച്ചാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിൽ ആദ്യമായാണ് ഇത്രയും അളവിൽ എം.ഡി.എം.എ പിടികൂടുന്നത്.

ഒരുഗ്രാം എം.ഡി.എം.എ ആവശ്യമുള്ളവർ 'പൗച് ' എന്നും അര ഗ്രാം ആവശ്യമുള്ളവർ' പോയിന്റ് ' എന്ന കോഡും ഉപയോഗിച്ചാണ് ഇവരെ ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 70 ലക്ഷത്തിലധികം രൂപ മയക്കുമരുന്ന് വാങ്ങാൻ ചെലവഴിച്ചതായി കണ്ടെത്തിയിരിക്കെ, ഇത് വിറ്ര് കോടിയോളം രൂപ ഇവർ‌ സമ്പാദിച്ചിട്ടുണ്ടാകാമെന്നാണ് എക്സൈസിന്റെ നിഗമനം.

പങ്കാളികളായി യുവതികളും

മയക്കുമരുന്നിനും കടത്തിനും വിൽപ്പനയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും യുവതികളെയും സംഘം ഉപയോഗിച്ചിരുന്നു. കൊല്ലത്തെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ നടത്തിയ ഡി.ജെ പാർട്ടിയിൽ പത്തോളം യുവാക്കളും രണ്ട് യുവതികളും പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അമലിക്കയും പിള്ളേരും

മയക്കുമരുന്ന് കച്ചവടക്കാരും ഇടനിലക്കാരും ഉൾപ്പെട്ട 'അമലിക്കയും പിള്ളേരും' എന്നതുൾപ്പെടെ രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ് അൽത്താഫ്. നിരവധി യുവതികളും ഇതിലെ അംഗങ്ങളാണ്. ബംഗളൂരു, മുംബെയ്, ഒറീസ, ചെന്നൈ എന്നിവിടങ്ങളിലെയും കേരളത്തിലെയും മയക്കുമരുന്ന് കച്ചവടക്കാരടങ്ങിയതാണ് മറ്രൊരു ഗ്രൂപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എക്സൈസും പൊലീസും പിടികൂടിയ എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങൾ ഈ ഗ്രൂപ്പിലുണ്ട്. ഇന്ത്യയിലെ വൻ ലഹരിമരുന്ന് സംഘങ്ങളും തീവ്രവാദ ബന്ധമുള്ള വ്യക്തികളും ഗ്രൂപ്പിൽ അംഗങ്ങളാണെന്ന സംശയമുണ്ട്. ഇതേപ്പറ്റി അന്വേഷിക്കാൻ എൻ.ഐ.എയുടെ സേവനം തേടുന്നതിനുള്ള നിയമവശങ്ങൾ എക്സൈസ് പരിശോധിക്കുന്നുണ്ട്. മയക്കുമരുന്ന് കൈവശം വയ്ക്കൽ, കടത്തിക്കൊണ്ടുവരൽ, ലഹരിമരുന്നിന് പണം മുടക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് അൽത്താഫിനെതിരെ ചുമത്തിയിരിക്കുന്നത്.

എം.ഡി.എം.എ മാരക സിന്തറ്റിക് ലഹരി

പാർട്ടി ഡ്രഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ബംഗളുരു കേന്ദ്രീകരിച്ച് ചില വിദേശികളും മറ്റും ചേർന്ന് ചില രാസപദാർത്ഥങ്ങൾ ചേർത്ത് അനധികൃതമായി ഉണ്ടാക്കുന്ന മാരകമയക്ക് മരുന്നാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ നീണ്ട സമയം നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടി കളിലെ സജീവ സാന്നിദ്ധ്യമാണ്. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടു തന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിൽ എത്തി ച്ചേരുകയും ചെയ്യും. ഒരു ഗ്രാം എം.ഡി.എം.എ 5000 മുതൽ ​ 6000 രൂപാ നിരക്കിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്. എം.ഡി.എം.എ വാങ്ങാൻ പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗ്ഗവും സ്വീകരിക്കും. ഇത് യുവാക്കളെ അക്രമണ പ്രവണതകളിലേക്ക് നയിക്കും. പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ലഹരി ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല. മാരകമായി ലഹരിക്ക് അടിമപ്പെട്ടശേഷമാകും വീട്ടുകാർ മക്കൾ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയുന്നത്. എം.ഡി.എം.എ മാരക രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നതായതിനാൽ ഉപയോഗിക്കുന്നവരിൽ ഗുരുതര ശാരീരിക -മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.