photo
കല്ലുംതാഴം മാക്രിയില്ലാ കുളം

നവീകരണത്തിന് പൊടിച്ചത് ലക്ഷങ്ങൾ

കൊല്ലം: ലക്ഷങ്ങൾ മുടക്കി നടത്തിയ നവീകരണ പ്രവർത്തനങ്ങൾ വെറുതെയായതോടെ കല്ലുംതാഴം കണിച്ചുകുളങ്ങരയിലെ മാക്രിയില്ലാക്കുളം വീണ്ടും നാശത്തിന്റെ വക്കിൽ. കൽക്കെട്ടുകൾ ഇടിഞ്ഞും പ്ളാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും പായൽ മൂടിയും കുളം തീർത്തും ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ലക്ഷക്കണക്കിനുരൂപ ചെലവഴിച്ചിട്ടും കുളത്തിന്റെ സംരക്ഷണത്തിനായി ഫലപ്രദമായ നവീകരണപ്രവർത്തനങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

കോർപ്പറേഷന്റെ കോളേജ് ഡിവിഷന്റെ പരിധിയിലുള്ള മാക്രിയില്ലാക്കുളം ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് വേനൽക്കാലത്ത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പ്രധാന നീന്തൽക്കുളവുമായിരുന്നു ഇത്. എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്. കുളത്തിലെ തുള്ളിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുളത്തിലേക്ക് ഇറങ്ങുന്ന കൽപ്പടവുകളും കൽക്കെട്ടും ഇടിഞ്ഞിരിക്കുകയാണ്. റോഡിനോടുചേരുന്ന ഭാഗത്തെ കൽക്കെട്ടും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.

വെള്ളം ഉപയോഗശൂന്യം

പ്ളാസ്റ്റിക് കുപ്പികളും മാലിന്യവും പായലും നിറഞ്ഞതിനാൽ കുളത്തിലെ വെള്ളം പൂർണമായും ഉപയോഗശൂന്യമാണ്. കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടാനും കമ്പിവേലി ഒരുക്കാനും ലക്ഷങ്ങളാണ് ചെലവഴിച്ചത്. കരവെള്ളം ഇറങ്ങാത്ത വിധമുള്ള സംരക്ഷണ പദ്ധതികളാണ് അന്ന് തയ്യാറാക്കിയത്. എന്നാൽ നവീകരണത്തിന് പിന്നാലെ കുളത്തിന്റെ ഒരു ഭാഗം വീണ്ടും നാശത്തിലാവുകയായിരുന്നു. തുണി അലക്കാനും മറ്റും ഉപയോഗിക്കുന്ന ഭാഗവും ചുറ്റുമുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗവും ഇടിഞ്ഞിരിക്കുകയാണ്.

പേരിന് പിന്നിലെ കഥ

പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിന്റെ ശരിക്കുള്ള പേര് കണിച്ചുകുളം എന്നാണെങ്കിലും തവളകൾ ഇല്ലാത്തതിനാലാണ് പ്രദേശവാസികൾ 'മാക്രിയില്ലാക്കുളം' എന്ന പേരിൽ വിളിക്കുന്നത്. കുളത്തിന്റെ പേരുവച്ചാണ് സ്ഥലത്തിന് കണിച്ചുകുളങ്ങര എന്ന പേരുവന്നത്. ഈ കുളത്തിൽ എന്തുകൊണ്ടാണ് തവളകൾ വളരാത്തതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പലരും തവളകളെ കുളത്തിൽ കൊണ്ടിട്ടുനോക്കിയെങ്കിലും അവ ചത്തുപൊങ്ങുകയോ കരയ്ക്ക് ചാടി രക്ഷപ്പെടുകയോ ചെയ്യാറാണ് പതിവ്.