omana
ഓമനക്കുട്ടനും കുടുംബവും

കൊല്ലം: ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന പാവങ്ങളെ സഹായിക്കുന്ന നല്ല മനസുകളോട് ഇത്തിരി സഹായം തേടുകയാണ് ചങ്ങൻകുളങ്ങര പുളിക്കക്കുടിയിൽ വീട്ടിൽ ഓമനക്കുട്ടൻ. നേരത്തെ ഓടിനടന്ന് ജോലി ചെയ്തിരുന്ന അമ്പതുകാരനായ ഓമനക്കുട്ടന് ഒരു കാൽ നഷ്ടപ്പെട്ടതിനാൽ ഊന്നുവടിയുടെ സഹായമില്ലാതെ നിവർന്ന് നിൽക്കാനാവില്ല.

വർക്ക്ഷോപ്പ് ജീവനക്കാരനായ ഓമനക്കുട്ടൻ ഒരു വർഷം മുൻപ് ജോലി സ്ഥലത്തുവച്ച് അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കിടയിൽ പ്രമേഹം ഉയർന്നതോടെ ഇടത് കാൽ മുറിച്ചുമാറ്റി. ഓമനക്കുട്ടന് ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതിനാൽ ഭാര്യ ശ്രീകലയ്ക്കും ജോലി പോകാനാകുന്നില്ല. വാടക വീട്ടിലാണ് താമസം. പഞ്ചായത്ത് മെമ്പറും മറ്റ് ചിലരും നൽകുന്ന ചെറുസഹായം കൊണ്ടാണ് കുടുംബം പുലരുന്നത്. ഇവരുടെ മകനായ പ്ലസ് വൺ വിദ്യാർത്ഥി പാർത്ഥിപൻ പഠനത്തിൽ മിടുക്കനാണ്. പത്താം ക്ലാസിൽ ഒൻപത് എ പ്ലസ് നേടിയാണ് ജയിച്ചത്. ഇപ്പോൾ തഴവ ബി.ജെ.എസ്.എം വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.

അരി വാങ്ങാൻ പോലും പണമില്ലാതെ വലയുന്നതിനാൽ പാർത്ഥിപന്റെ പഠനം മുടങ്ങുന്ന അവസ്ഥയാണ്. ഈ കൊച്ചുമിടുക്കന് ഒരുപാട് സ്വപ്നങ്ങളുണ്ട്. ഒരുപാട് പേർ ചെറിയ സഹായങ്ങൾ നൽകിയാൽ ഓമനക്കുട്ടന്റെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകും. ഒപ്പം പാർത്ഥിപന്റെ സ്വപ്നങ്ങളും സഫലമാകും. ഓമനക്കുട്ടന്റെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ വവ്വാക്കാവ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 6519340741. ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ബി.ഐ 000വി 048. ഫോൺ: 7510538986.