കൊട്ടാരക്കര: ജില്ലയുടെ നെല്ലറയായ തളവൂർക്കോണം ഏലാ ആഫ്രിക്കൻ പായൽ ഭീഷണിയിൽ. കരീപ്ര തളവൂർക്കോണം പാട്ടുപുരക്കൽ ഏലായിലാണ് നെൽകഷകരെ ആശങ്കയിലാക്കുന്ന ആഫ്രിക്കൻപായൽ വ്യാപിക്കുന്നത്. ഇതുമൂലം കർഷകർ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. കരീപ്രയിലെ നൂറുകണക്കിന് കർഷകർ ചേർന്നുണ്ടാക്കിയ കർഷക കൂട്ടായ്മയാണ് ഇവിടെ 75 ഏക്കർ പാടശേഖരത്ത് നേൽകൃഷി ചെയ്യുന്നത്.
അടിയന്തര നടപടി വേണം
ഏലായിൽ അയർക്കാട് ഭാഗത്താണ് പായൽ ഭീഷണി വ്യാപകമാകുന്നത്. പായൽ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ വല ഉപയോഗിച്ചും കുട്ട, കോരി എന്നിവ ഉപയോഗിച്ചും പായൽ കോരിക്കളയുകയാണ്. പത്ത് സെന്റ് നിലത്തിലെ പാൽ നീക്കം ചെയ്യാൻ നാലുപേരുടെ പണി ആവശ്യമാണ്. കൃഷി വകുപ്പോ, ബന്ധപ്പെട്ടവരോ നെൽ കർഷകരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏലാസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആഫ്രിക്കൻ പായൽ
പേര് ആഫ്രിക്കൻ പായൽ എന്നാണെങ്കിലും സ്വദേശം തെക്കുകിഴക്കൻ ബ്രസീലും വടക്കൻ അർജന്റീനയുമാണ്. 1940 കളിലാണ് ആഫ്രിക്കൻ പായൽ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കൻ പായൽ ഇന്ന് വലിയ ഭീഷണിയാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളിൽ വളർത്തി വിൽക്കാനും ബൊട്ടാണിക്കൽ ഗാർഡനുകളിൽ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കൻ പായൽ കൊണ്ടുവന്നിരുന്നത്.