12-
മൊബൈൽ ഫോൺ സമ്മാനമായി ലഭിച്ചതായുള്ള സന്ദേശം

20 പേർക്ക് ഷെയർ ചെയ്‌താൽ മൊബൈൽ ഫോൺ സമ്മാനം

കൊല്ലം: ''സർവേയിൽ പങ്കെടുക്കൂ, മൊബൈൽ സമ്മാനമായി നേടൂ...'', ഇത്തരം പരസ്യവാചകങ്ങൾ മൊബൈലുകളിൽ സന്ദേശങ്ങളായും വാട്ട്സ്ആപ്പ് മെസേജുകളായും ലഭിക്കാത്തവർ ചുരുക്കമായിരിക്കും. നേരത്തെയും പല പ്രമുഖബ്രാൻഡുകളുടെയും പേരിൽ ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാവുകയാണ്. ഇപ്പോൾ വാട്ട്സ് ആപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന തട്ടിപ്പ് ഫ്ളിപ്കാർട്ടിന്റെ 15-ാം വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നുവെന്നതാണ്. മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാൽ 20,000 രൂപ വിലയുള്ള മൊബൈൽഫോൺ സമ്മാനമായി നൽകുമെന്നാണ് വാഗ്‌ദാനം. എന്നാൽ ഇത് 'മാൽവെയർ സോഫ്ട്‌വെയർ" ആണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇതിലൂടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവിവരങ്ങൾ ചോർത്തപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

ചോദ്യങ്ങൾ മൂന്ന്, പിന്നീട് നടപടികൾ

 നിങ്ങൾക്ക് ഇതിനെപ്പറ്റി അറിയാമോ, നിങ്ങളുടെ പ്രായം, ലിംഗം എന്നിങ്ങനെയുള്ള മൂന്ന് നിസാര ചോദ്യങ്ങളാണ് ചോദിക്കുന്നത്

 ഉപയോഗിക്കുന്ന മൊബൈലിന്റെ ഐ.പി അഡ്രസ് ട്രാക്ക് ചെയ്യപ്പെടുന്നു

 നിങ്ങളുടെ സമ്മാനം തിരഞ്ഞെടുക്കുന്നതിനായി ഡിസ്‌പ്ലേയിൽ 9 ഐക്കണുകൾ

 മൂന്നുതവണ ഭാഗ്യം പരീക്ഷിക്കാമെന്ന് സന്ദേശം

 എങ്ങനെ ഉപയോഗിച്ചാലും ഒന്നാമത്തേത് ഒഴികെയുള്ള അവസരത്തിൽ സമ്മാനംഉറപ്പ്

 സമ്മാനം ലഭിക്കാൻ ലിങ്ക് വാട്സ് ആപ്പ് വഴി 20 പേർക്ക് അല്ലെങ്കിൽ 5 ഗ്രൂപ്പുകളിലേക്ക് അയയ്ക്കണം

 അഡ്രസ്, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയും നൽകണം

 7 ദിവസത്തിനുള്ളിൽ സമ്മാനമെത്തുമെന്ന് സന്ദേശം, കബളിപ്പിക്കപ്പെട്ടവർ നിരവധി

ഗൂഗിൾ മുന്നറിയിപ്പ്

1. ഇത് ഒരു ഹാക്കർ സന്ദേശമാണ്

2. നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു

3. സ്വാകാര്യ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ അനുമതിയില്ലാതെ തട്ടിയെടുക്കാൻ സാദ്ധ്യത

നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ നിന്ന് അകലം പാലിക്കുക മാത്രമാണ് പോംവഴി

സൈബർ പൊലീസ് ഉദ്യോഗസ്ഥർ