കൊല്ലം: ഓഹരി ഉടമകൾക്ക് എൻ.എസ് സഹകരണ ആശുപത്രി ഏഴ് ശതമാനം ലാഭവിഹിതം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. എൻ.എസ് ആശുപത്രി, എൻ.എസ് ആയുർവേദ ആശുപത്രി, എൻ.എസ് നെഴ്സിംഗ് കോളേജ് എന്നിങ്ങനെ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങിൽ നിന്നായി 142.16 കോടി രൂപ വരവും 122.49 കോടി രൂപ ചെലവും 19.6 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബഡ്ജറ്റും പൊതുയോഗം അംഗീകരിച്ചു. ലാഭവിഹിതം ആഗസ്റ്റ് 10 മുതൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യും. സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് എം. ഗംഗാധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള സ്വാഗതവും ഭരണസമിതിയംഗം അഡ്വ. പി.കെ. ഷിബു നന്ദിയും പറഞ്ഞു. വരവ്-ചെലവ് കണക്ക് സെക്രട്ടറി പി. ഷിബു അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ സൂസൻകോടി, കരിങ്ങന്നൂർ മുരളി, സി. ബാൾഡുവിൻ, കെ. ഓമനക്കുട്ടൻ, അഡ്വ. ഡി. സുരേഷ്കുമാർ, അഡ്വ. സബിതാബീഗം, പ്രസന്നാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.