കൊട്ടാരക്കര : ടൗണിന്റെ പലഭാഗത്തും തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി. ടൗണിന്റെ ഹൃദയഭാഗമായ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഗവ. ഗേൾസ് ഹൈസ്ക്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാതെയായിട്ട് നാളുകളേറെയായി. പൊലീസ് സ്റ്റേഷന് സമീപം റോഡ് വശങ്ങളിൽ വിവിധ കേസുകളിലും അപകടങ്ങളിലും മറ്റും പെട്ട അനേകം വാഹനങ്ങൾ പാർക്കു ചെയ്യുന്നുണ്ട്. തെരുവുവിളക്കുകളില്ലാത്തതിനാൽ ഈ വാഹനങ്ങളിൽ നിന്ന് സ്പെയർപാർട്ടുകളും മറ്റും മോഷണം പോകുന്നത് പതിവാണ്.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലേക്ക് പോകുന്ന റോഡിലും തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ല. രാത്രി 12.30നും പുലർച്ചെ 3.45നും ഉള്ള ട്രെയിനുകളിൽ
എത്തുന്ന യാത്രക്കാർക്കും തെരുവു വിളക്കുകളില്ലാത്തത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സന്ധ്യമയങ്ങിയാൽ റെയിൽവേ സ്റ്റേഷൻ പരിസരം തെരുവു നായ്ക്കളുടെ പിടിയിലാണ്. രാത്രികാലങ്ങളിൽ ഇവിടെ തെരുവു നായ്ക്കളുടെ ആക്രമവുമുണ്ട്. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നഗരസഭയും വൈദ്യുതി വകുപ്പും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.