എന്നെത്തുമെന്നറിയാതെ ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയിൽ പേരിന് പോലും ഒരുതുള്ളി കൊവിഡ് വാക്സിനെടുക്കാനില്ല. എന്ന് സ്റ്റോക്ക് എന്നെത്തുമെന്നറിയാതെ ആരോഗ്യവകുപ്പും ആശങ്കയിൽ. സ്റ്റോക്കില്ലാത്തതിനാൽ ഇന്ന് ജില്ലയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ വാക്സിൻ കുറവ് നേരിടുന്നുണ്ട്. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൊവിഷീൽഡ് എത്താത്തതിനാൽ കോവാക്സിൻ മാത്രമാണ് വിതരണം ചെയ്യുന്നത്.
വലയുന്നത് വിദേശയാത്രക്കാർ
വിദേശത്ത് പോകുന്നവർക്ക് രണ്ട് ഡോസ് കൊവിഷീൽഡ് നിർബന്ധമാണ്. കൊവിഷീൽഡ് എത്താത്തതിനാൽ പ്രവാസികളുടെ മടങ്ങിപ്പോക്ക് പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശത്തേക്ക് പോകാനിരിക്കുന്നവരിൽ ആദ്യ ഡോസ് പോലും കിട്ടാത്തവരുണ്ട്. പ്രവാസികളുടെ അഭ്യർത്ഥന മാനിച്ച് സ്റ്റോക്കുണ്ടായിരുന്ന 400 കൊവിഷിൽഡ് വാക്സിൻ അവർക്കായി മാത്രം ഇന്നലെ നൽകി. ആദ്യ ഡോസ് എടുത്തവർ ഉടൻ വാക്സിൻ ലഭിക്കുന്ന പ്രതീക്ഷയിൽ അടുത്ത ദിവസങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുമുണ്ട്. ഇന്ന് കൊവിഷീൽഡ് എത്തിയില്ലെങ്കിൽ പലരുടെയും ജോലിക്ക് വേണ്ടിയുള്ള യാത്ര മുടങ്ങും.
ഇന്നലെ വാക്സിൻ 1,500 പേർക്ക്
പ്രതിദിനം ജില്ലയിൽ 20,000 ത്തിലധികം പേർക്കാണ് വാക്സിൻ വിതരണം നടത്തുന്നത്. എന്നാൽ വാക്സിൻ ക്ഷാമം മൂലം ഇന്നലെ ആകെ വിതരണം ചെയ്തത് 1,500ൽ താഴെ മാത്രമാണ്.
ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
വാക്സിൻ ക്ഷാമംമൂലം രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ് അധികൃതർ അറിയിച്ചു. നിലവിൽ ക്ഷാമമുണ്ടെങ്കിലും വരും ദിവസങ്ങളിൽ പോരായ്മ പരിഹരിക്കും. രണ്ടാം ഡോസ് കൊവിഷീൽഡ് സ്വീകരിക്കുന്നവർക്ക് 84 മുതൽ 120 വരെ ദിവസങ്ങൾ വരെ സമയമുണ്ട്. അവർക്കുള്ള വാക്സിൻ കൃത്യമായി നൽകാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.