ചാത്തന്നൂർ: രണ്ട് കാറുകളിലായി 84 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാത്തന്നൂർ താഴംതെക്ക് ചരുവിള പുത്തൻവീട്ടിൽ സുനിൽ കുമാർ (34), കാരംകോട് പണ്ടാരത്തോപ്പിൽ രതീഷ് അശോകൻ (37), ചാത്തന്നൂർ രാഹുൽ ഭവനിൽ വിഷ്ണുവിജയൻ (30), കടയ്‌ക്കൽ ചിതറ വളവുപച്ച ഹെബി നിവാസിൽ ഹെബിമോൻ (40) എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
സംഘത്തിലെ ചിതറ സ്വദേശി ഹെബിമോൻ ഒഡിഷയിൽ നിന്ന് ബാഗുകളും ചെരിപ്പുകളും കേരളത്തിലെത്തിച്ച് കച്ചവടം ചെയ്തുവരികയായിരുന്നു. ഇതിന്റെ മറവിലാണ് കഞ്ചാവ് കടത്തിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12ന് ചാത്തന്നൂർ സിവിൽ സ്റ്റേഷന് സമീപം ഏറം മാടൻകാവിനടുത്ത് റോട്ടറി ക്ലബിന് മുന്നിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ലഹരിവിരുദ്ധ സ്ക്വാഡും ചാത്തന്നൂർ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.