ഇരവിപുരം: നഗരത്തിൽ പലയിടങ്ങളിലും മോഷണവും മോഷണശ്രമങ്ങളും അരങ്ങേറുന്നു. എല്ലാ സംഭവങ്ങൾക്ക് പിന്നിലും ഒരു സംഘമാണെന്നാണ് കരുതുന്നത്. പള്ളിമുക്ക് - ഇരവിപുരം റോഡരികിൽ ആമിനാ ഒാഡിറ്റോറിയത്തിന് എതിർവശത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ ഷട്ടറും പൂട്ടും തകർത്ത് 15000 രൂപയും കടയിലുണ്ടായിരുന്ന നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്കും കവർന്നു. പൊലീസ് നായയെത്തിയാൽ തെളിവ് ലഭിക്കാതിരിക്കാൻ കടയുടെ വരാന്തയിലും ഉള്ളിലും മെഡിക്കൽ സ്റ്റോറിൽ വില്പനയ്ക്കായി വെച്ചിരുന്ന സാനിറ്റൈസർ പൊട്ടിച്ച് ഒഴിച്ചിരുന്നു. മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ മറ്റ് നിരീക്ഷണ കാമറകളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മെഡിക്കൽ സ്റ്റോർ ഉടമ ആഷിക്കിന്റെ മൊബൈൽ ഫോണിൽ ഒരുമണി വരെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർതുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് പണവും ഹാർഡ് ഡിസ്കും മോഷണം പോയതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പള്ളിമുക്ക് പെട്രോൾ പമ്പിനു സമീപത്തുള്ള മൊബൈൽ കടയുടെ ഷട്ടർ മോഷ്ടാക്കൾ തകർത്തിരുന്നു.
മൊബൈൽ കടയിലും മോഷണം
ചാത്തന്നൂർ: പോസ്റ്റോഫീസിന് എതിർ വശത്തെ എ.ബി.സി മൊബൈൽ ഷോപ്പിലും ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് മോഷണം നടന്നു. മേശയിലുണ്ടായിരുന്ന അയ്യായിരം രൂപ നഷ്ടമായതായി ഉടമ പറയുന്നു. ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയ 20 വയസ് തോന്നിക്കുന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. പരവൂരിലെ മൂന്ന് മൊബൈൽ കടകളിലും പാരിപ്പള്ളിയിലെ ഒരു മൊബൈൽകടയിലും ഇന്നലെ മോഷണശ്രമം നടന്നിരുന്നു. എല്ലാ സംഭവങ്ങൾക്ക് പിന്നിലും ഒരു സംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ
സ്വകാര്യ ട്യൂഷൻ സെന്ററിലും മോഷണം
കൊല്ലം: കിളികൊല്ലൂർ കോയിക്കൽ പാലക്കടവിലെ മാസ്റ്റർസ്റ്റഡീസ് സെന്ററിന്റെ ഓൺലൈന് സ്റ്റുഡിയോയിൽ മോഷണം നടന്നു. ഓൺലൈൻ ക്ലാസിന്റെ ഷൂട്ടിംഗിനായി ഉപേയാഗിക്കുന്ന സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവയാണ് കവർന്നത്. ഇവിടുത്തെ സി.സി ടി.വിയും അനുബന്ധസാമഗ്രികളും മോഷ്ടാക്കൾ കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ ട്യൂഷൻസെന്ററിലെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണം
ചാത്തന്നൂർ : ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലെ മൊബൈൽ കടകൾ കേന്ദ്രീകരിച്ചു നടന്ന മോഷണങ്ങളിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചാത്തന്നൂർ ഏരിയാ സെക്രട്ടറി രാജേഷ് ജി.പി, യൂണിറ്റ് സെക്രട്ടറി ജയപ്രകാശ്, യൂണിറ്റ് പ്രസിഡന്റ് സുനീർ, ഏരിയാ ജോയിന്റ് സെക്രട്ടറി അജിത്, ശീമാട്ടി എന്നിവർ സംസാരിച്ചു.