കുന്നത്തൂർ: കൊവിഡ് കാലത്ത് ശമ്പളം ലഭിക്കാതെ വലയുകയാണ് കെ.എസ്.ഇ.ബി കരാർ ജീവനക്കാർ. മീറ്റർ റീഡർ,പാർട്ട് ടൈം സ്വീപ്പർ,ലൈൻ വർക്കർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് സർക്കാരിന്റെയും ബോർഡിന്റെയും ഉദാസീനതയ്ക്ക് മുന്നിൽ പകച്ചു നിൽക്കുന്നത്. ഇവർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. കെ.എസ്.ഇ.ബിയിലെ സ്ഥിരം ജീവനക്കാർക്ക് മാസത്തിന്റെ ആദ്യവാരം തന്നെ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ശമ്പളം വിതരണം ചെയ്യുമ്പോഴാണ് കരാർ ജീവനക്കാർ അവഗണന നേരിടുന്നത്. ഇത് മൂലം ആയിരക്കണക്കിന് വരുന്ന കരാർ ജീവനക്കാരും അവരുടെ കുടുംബങ്ങളും മറ്റ് വരുമാന മാർഗങ്ങളില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്.കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഇവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതമാണ്. സ്കൂളുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചതോടെ മക്കൾക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാൻ മിക്കവർക്കും കഴിഞ്ഞിട്ടില്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും കൂടാതെയാണ് മീറ്റർ റീഡർമാർ വീടുകളിലെത്തി റീഡിംഗ് നടത്തി വരുന്നത്.
കരാർ ജീവനക്കാരുടെ മാസ ശമ്പളം
ലൈൻ വർക്കറിന് 12000 മുതൽ 16000 രൂപ വരെ
മീറ്റർ റീഡർക്ക് 8000 മുതൽ 14000 രൂപ വരെ
സ്വീപ്പർക്ക് 3000 മുതൽ 6000 രൂപ വരെ
ശമ്പള ബിൽ പാസാക്കുന്നതിൽ താമസം
സുപ്രീം കോടതി പുറപ്പെടുവിച്ച "തുല്യ ജോലിക്ക് തുല്യ വേതനം"എന്ന മനുഷ്യാവകാശ ഉത്തരവിന്റെ ലംഘനം കൂടിയാണ് നിലവിലെ ശമ്പള വ്യവസ്ഥയെന്ന് ആരോപണമുണ്ട്. നിലവിൽ ഒരു മാസം ചെയ്യുന്ന ജോലിയുടെ വേതനം പിറ്റേ മാസം അവസാനത്തോടെയാണ് കൊടുക്കാറുള്ളത്. ഡിവിഷൻ ഓഫീസുകളിൽ ശമ്പള ബിൽ പാസാക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന മനഃപൂർവമുള്ള അനാസ്ഥയാണ് ശമ്പള വിതരണത്തിന് കാലതാമസം നേരിടുന്നതിനുള്ള കാരണമെന്നാണ് വിവരം.
നട്ടം തിരിഞ്ഞ് ജീവനക്കാർ
കരാർ ജീവനക്കാർ ശമ്പളത്തെ കുറിച്ച് ചോദിച്ചാൽ ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. അതിനിടെ ജോലി പരിഷ്കരണം എന്ന പേരിൽ ഈ മാസം കരാർ മീറ്റർ റീഡർമാർക്ക് കിട്ടികൊണ്ടിരുന്ന വേതനത്തിൽ നിന്ന് വീണ്ടും 3500രൂപയോളം വെട്ടി കുറയ്ക്കാൻ കെ.എസ്.ഇ.ബി ചെയർമാൻ ഉത്തരവ് ഇറക്കിയതായി ജീവനക്കാർ ആരോപിക്കുന്നു.കൊവിഡ് മഹാമാരിയുടെ കാലത്ത് തികച്ചും മനുഷ്യത്വ രഹിതവും അശാസ്ത്രിയവുമായ നടപടിയിൽ കരാർ ജീവനക്കാർ നട്ടംതിരിയുകയാണ്.