കൊല്ലം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് കണക്കിലെടുത്ത് കരാർ പണികളുടെ റേറ്റ് വർദ്ധിപ്പിക്കുകയോ ബാദ്ധ്യതകൾ ഒഴിവാക്കുകയോ ചെയ്യണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
സമയബന്ധിതമായി ബിൽ തുക നൽകുക, പുതിയ റേറ്റ് ടെണ്ടർ ഡോക്യുമെന്ററിൽ പുതിയ റേറ്റ് ഉൾപ്പെടുത്തി റിവിഷൻ നടപ്പാക്കുക, പ്രൈസ് എസ്‌കലേഷൻ പരിധിയില്ലാതെ എല്ലാ കരാറുകാരെയും ഉൾപ്പെടുത്തുക, സ്വകാര്യ മേഖലയിലെ കരാറുകാർക്ക് ലൈസൻസ് ഏർപ്പെടുത്തുക, ഡിഫെക്ട് ലയബിലിറ്റി പീരീഡ് രണ്ടുവർഷമായി കുറയ്ക്കുക, ലോൺ മോറട്ടോറിയം കാലാവധി രണ്ടുവർഷമായി പുനർക്രമീകരിക്കുക, റേറ്റ് റിവിഷന് മുമ്പ് കരാറുകാരുടെ യോഗം വിളിക്കുമ്പോൾ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ പ്രതിനിധികളെ ഉൾപ്പെടുത്തുക, മലബാർ സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കുക, സെയിൽടാക്‌സ് ആംനെസ്റ്റി 2020 - 21 പ്രകാരം തീർപ്പാക്കുക, നിർമ്മാണ സാമഗ്രികൾ എസെൻഷ്യൽ ഓഡിറ്റ് ആക്ടിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഓൺലൈനായി നടന്ന യോഗം മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ അദ്ധ്യക്ഷനായി. മുരുകൻ തിരുവനന്തപുരം, ജ്യോതികുമാർ, ഹരികുമാർ തിരുവനന്തപുരം, അലക്‌സ് പെരുമാലിൽ തൃപ്പൂണിത്തറ, ജോൺപോൾ കോട്ടയം, പോൾ.ടി. മാത്യു മൂവാറ്റുപുഴ, രഘു ചന്ദ്രൻ നായർ തിരുവനന്തപുരം, രാജീവ് വാര്യർ ആലപ്പുഴ, ജോർജ് തോമസ് എറണാകുളം, സന്തോഷ് ബാബു എറണാകുളം എന്നീ സംസ്ഥാന നേതാക്കളും പങ്കെടുത്തു.