മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ വലഞ്ഞത് നൂറോളം പേർ
കൊല്ലം: ഞാങ്കടവ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടീൽ പുരോഗമിക്കുന്നതിനാൽ പാതിവഴിയിൽ സർവീസ് മുടങ്ങി സ്വകാര്യ ബസുകൾ. അപ്രതീക്ഷിതമായി ബസില്ലാതായതോടെ ട്രെയിൻ യാത്രകഴിഞ്ഞ് കൊട്ടിയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരും ബുദ്ധിമുട്ടിലായി. കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ നടത്തിയ പ്രവൃത്തികൾ മൂലം ഇന്നലെ വലഞ്ഞത് നൂറോളം പേരാണ്. ഗതാഗതം ക്രമീകരിക്കാൻ പൊലീസ് ശ്രമിക്കാഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
ചിന്നക്കടയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലെത്തുന്ന സ്വകാര്യബസുകൾ ആർ.ഒ.ബി വഴി ക്യൂ.എ.സി റോഡിലൂടെയാണ് യാത്രചെയ്യുന്നത്. ക്യൂ.എ.സി റോഡിൽ മുന്നറിയിപ്പ് ബോർഡുകളില്ലാതിരുന്നതിനാൽ ബസുകൾ കയറിവരുകയും ചെയ്തു. പാതിവഴിയിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നത് കണ്ട ഡ്രൈവർമാർ ആദ്യമൊന്ന് പതറിയെങ്കിലും തൊട്ടടുത്തുള്ള റെയിൽവേക്വർട്ടേഴ്‌സ് പരിസരത്തേക്ക് കയറ്റി തിരികെ എ.ആർ ക്യാമ്പിലെത്തി യാത്ര തുടരുകയായിരുന്നു. എന്നാൽ നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിലൊന്നായ റെയിൽവേ സ്റ്റേഷൻ പൂർണമായി ഒഴിവാകുകയും ചെയ്തു.
ട്രെയിനിറങ്ങിയവർ വലഞ്ഞു
ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടീൽ നടക്കുന്നതിനാൽ കൊട്ടിയം, ഇരവിപുരം ഭാഗത്തേക്കുള്ള ബസുകൾ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിലെത്താത്തതിനാൽ നൂറോളം യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്. പിന്നീട് ബസുകൾ കിട്ടുന്നതിനായി യാത്രക്കാർ എ.ആർ ക്യാമ്പ് വരെ നടക്കേണ്ട അവസ്ഥയുണ്ടായി.
ഇരുചക്രവാഹനങ്ങളിൽ തട്ടി അപകടം
ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ബസ് തിരിക്കുന്നതിനിടെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ തട്ടി മറിച്ചിട്ടത് വാക്കുതർക്കത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പെരുമൺ- കൊട്ടിയം റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്റ്റേഡിയം റോഡിലേക്ക് തിരിക്കാനായി കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വശങ്ങളിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളാണ് തട്ടിയിട്ടത്. ഇവയുടെ ലൈറ്റുകളും ഗ്ലാസുകളും തകർന്നു. അല്പസമയം വാക്ക് തർക്കമുണ്ടായെങ്കിലും പ്രശ്നം രമ്യമായി പരിഹരിച്ച് ബസ് യാത്ര തുടർന്നു.
ഗതാഗത നിയന്ത്രണം മുൻകൂട്ടിയറിയിക്കാതെയുള്ള നടപടി പ്രതിഷേധാർഹമാണ്. വിഷയത്തിൽ പൊലീസ് പോലും ഇടപെടാത്തത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.
യാത്രക്കാർ