ഏരൂർ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കൽ പദ്ധതി പ്രകാരം ആട് വളർത്തൽ യൂണിറ്റിന് എരൂർ മൃഗാശുപത്രിയിൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നു.

മലബാറി ഇനത്തിൽപ്പെട്ട 19 പെണ്ണാടുകളും ഒരു മുട്ടനാടും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ആടുകളുടെ വിലയായി 162000രൂപ, ആട്ടിൻകൂട് സ്ഥാപിക്കാൻ 100000രൂപ, ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി 10000രൂപ, മരുന്ന്,ജീവപോഷക ധാതുലവണമിശ്രിതം, ഗതാഗതം എന്നിവയ്ക്കായി 8000രൂപയും അടക്കം 280000 രൂപാ പദ്ധതി അടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നു . ഇപ്രകാരം യൂണിറ്റ് സ്ഥാപിക്കുന്ന ഗുണഭോക്താക്കൾക്കാണ് പദ്ധതി ആനുകൂല്യമായ ഒരുലക്ഷം രൂപ ലഭിയ്ക്കുക. ആടിന്റെ തീറ്റച്ചെലവ് ഉൾപ്പെടെയുള്ള എല്ലാവിധ പരിപാലന ചെലവുകളും ഗുണഭോക്താവ് സ്വന്തമായി വഹിക്കണം.

ഗുണഭോക്താവിന് സ്വന്തമായോ പാട്ടത്തിന് എടുത്തതോ ആയ 50 സെന്റ് സ്ഥലം ഉണ്ടായിരിയ്ക്കണം. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന ആടുവളർത്തൽ പരിശീലനം നേടിയിട്ടുള്ളവർക്ക് മുൻഗണന.മൂന്ന് വർഷത്തേയ്ക്ക് ആടുവളർത്തൽ യൂണിറ്റ് നടത്തുമെന്ന് കരാറുണ്ട്. ആധാർ, റേഷൻകാർഡ്,കരം അടച്ച രസീത്/പാട്ടക്കരാർ എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷ സമർപ്പിയ്ക്കേണ്ടത്.അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയതി30ന് വൈകിട്ട് 3 മണി.