കൊല്ലം: കടയടപ്പ് സമരത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കൊടികൾ വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറിയെ ഒരുവിഭാഗം ആക്രമിച്ചു. സംഭവമറിഞ്ഞ് വ്യാപാരികൾ കൂട്ടത്തോടെ എത്തിയത് കൊല്ലൂർവിള പള്ളിമുക്കിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസിനാണ് (57) പരിക്കേറ്റത്. കടയ്ക്ക് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. മുഖത്ത് പരിക്കേറ്റ ഷാനവാസിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.