മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരനെ സിനിമ രംഗങ്ങളിലേത് പോലെ ക്രൂരമായ മർദ്ദിച്ച കേസിൽ പെട്രോൾ അടിക്കാനെത്തിയ യുവാവ് പിടിയിൽ. കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിലെ ജീവനക്കാരനായ കൊട്ടിയം പറക്കുളം സ്വദേശി സിദ്ദീഖിനെ (30) മർദ്ദിച്ച കേസിൽ വാളത്തുംഗൽ സരയുനഗർ മനയ്ക്കരവീട്ടിൽ അലി എന്ന് വിളിക്കുന്ന അലൻ ബിജു അലക്സാണ്ടറാണ് (24) പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി ടാങ്കിന്റെ മേൽമൂടി സിദ്ദീഖ് എടുത്തു മാറ്റിവച്ചിരുന്നു. ഇത് ചോദ്യം ചെയ്തശേഷം അലൻ പമ്പ് മാനേജരോട് പരാതി പറയുകയും തിരികെയെത്തി പെട്രോൾ അടിച്ചതിനുള്ള നൂറു രൂപ കസേരക്ക് മുകളിലേക്ക് വലിച്ചെറിഞ്ഞു. പണം ചോദിച്ചതോടെ സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഇടതുകാലിനും കൈക്കും സ്വാധീനമില്ലാത്ത സിദ്ദിഖിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനിടയിൽ ഇന്നലെ പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.