f

കൊല്ലം: കൊവിഡ് വ്യാപന കേന്ദ്രങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണം ശക്തമാക്കണമെന്ന് ജില്ലയിലെ സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘം നിർദ്ദേശിച്ചു. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന തൃക്കോവിൽവട്ടം, ആലപ്പാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു നിർദ്ദേശം.

കേന്ദ്ര സംഘം എത്തുമ്പോൾ കണ്ടെയ്ൻമെന്റ് സോണായിട്ടും രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലും ആളുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടായിരുന്നു. കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത വാർഡുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം. പകരം വ്യാപനം ഉള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ സഞ്ചാരം പൂർണമായും നിയന്ത്രിക്കുന്ന തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം കഴിഞ്ഞ ഒരു മാസത്തിനിടയിൽ മരിച്ചവരുടെ വിവരങ്ങൾ പരിശോധിച്ചു. ചികിത്സാ സംവിധാനങ്ങൾ പര്യാപ്തമാണോയെന്നും നോക്കി.

കേന്ദ്രസംഘം കളക്ടറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി കളക്ടർ സംഘാംഗങ്ങളെ അറിയിച്ചു. അസി. കളക്ടർ ഡോ. അരുൺ.എസ്‌. നായർ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികൾക്കായി ഏർപ്പെടുത്തിയ ചികിത്സാ ക്രമീകരണങ്ങൾ, ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര സംഘത്തെ ധരിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാക്കിയ ചികിത്സാ സംവിധാനങ്ങൾ, വാക്സിനേഷൻ പ്രവർത്തനങ്ങൾ, സംരക്ഷിത കുടുംബ കൂട്ടായ്മ, മാനദണ്ഡ ലംഘനം തടയുന്നതിന് വേണ്ടി നടത്തുന്ന പരിശോധനകൾ എന്നിവയുടെ പുരോഗതിയും ചർച്ച ചെയ്തു. ഡി.എം.ഒ ഡോ. ആർ. ശ്രീലത, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ എന്നിവരുമായും സംവദിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ജെ. മണികണ്ഠൻ, ആർ.സി.എച്ച് ഓഫീസർ ഡോ. അനു തുടങ്ങിയവർ പങ്കെടുത്തു.