ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ കൊവിഡ് മരണം നൂറ്റി അമ്പതിനോട് അടുത്തിട്ടും കൊവിഡ് ചികിത്സയിൽ അധികൃതർ ജാഗ്രത പുലർത്തുന്നില്ലെന്ന പരാതി ശക്തമാകുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ സൗകര്യമുള്ള പത്ത് കിടക്കകളുള്ള കൊവിഡ് വാർഡ് മാത്രമാണ് താലൂക്കിലെ ഏക കൊവിഡ് ചികിത്സാ സംവിധാനം. താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ നാൽപ്പത് കിലോമീറ്ററിലധികം ദൂരമുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഓക്സിജന്റെ അളവിൽ വ്യത്യാസം വരുന്നവരെ മാത്രമാണ് നിലവിൽ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്.
ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിൽ സൗകര്യമില്ല
പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ല. കിടക്കകളും ആഹാരവുമല്ലാതെ രോഗികളെ നിരീക്ഷിക്കുന്നതിനോ വൈദ്യ സഹായം നൽകുന്നതിനോ സൗകര്യമില്ലാത്ത ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് രോഗികളെ മാറ്റുന്നതിന് ബന്ധുക്കളും താത്പര്യം കാണിക്കുന്നില്ല. തുടർച്ചയായ രണ്ടാമത്തെ ദിവസവും ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ കൊവിഡ് രോഗി മരിച്ചത് ജനങ്ങളെ ഭീതിയിലാക്കുന്നു. ശക്തമായ പനിയും മറ്റുബുദ്ധിമുട്ടുകളുള്ളവരെ പോലും ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ അഡ്മിറ്റു ചെയ്യുകയാണ്.
അധികൃതരുടെ വീഴ്ച്ചയെന്ന് പരാതി
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ശാസ്താംകോട്ടയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ 24 മണിക്കൂറും വൈദ്യസഹായം ഉൾപ്പടെ ലഭ്യമാക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്റർ പ്രവർത്തിച്ചിരുന്ന താലൂക്കിൽ രണ്ടാം തരംഗത്തിൽ യാതൊരു സംവിധാനങ്ങളും ഒരുക്കാത്തത് അധികൃതരുടെ വീഴ്ച്ചയാണെന്നാണ് പരാതി. കുന്നത്തൂർ താലൂക്കിലെ 7 പഞ്ചായത്തുകളിലുമായി നിലവിൽ 719 രോഗികളാണുള്ളത്.വിവിധ ആശുപത്രികളിലും സി.എഫ്.എൽ .ടി സി കളിലുമായി 12 പേരും വിവിധ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിൽ 95 പേരും വീടുകളിൽ 586 പേരുമാണ് ചികിത്സയിലുള്ളത്.
രോഗികൾ പഞ്ചായത്ത് തലത്തിൽ
ശാസ്താംകോട്ട : 131
മൈനാഗപ്പള്ളി - 185
പോരുവഴി - 87
പടിഞ്ഞാറെ കല്ലട - 88
ശൂരനാട് സൗത്ത് - 135
ശൂരനാട് വടക്ക് - 58
കുന്നത്തൂർ - 35