കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ നടന്നുവരുന്ന വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷൺമുഖദാസ് സി. കേശവൻ അനുസ്മരണവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഐ.വി. ദാസ് അനുസ്മരണവും നടത്തും.വൈകിട്ട് 5 മണിക്ക് ഗൂഗിൾ മീറ്റിൽ hfx-otmd-apv എന്ന ലിങ്കിലുടെ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ 19ന് എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ജൂൺ 20 മുതൽ ' പുസ്തകവണ്ടി' വായനക്കാരുടെ വീടുകളിലെത്തി പുസ്തകങ്ങൾ നൽകി വരുകയാണ്.
ജൂലായ് 1ന് നടന്ന പി. കേശവദേവ് അനുസ്മരണം എസ്. ഗിരി പ്രേം ആനന്ദും പൊൻകുന്നം വർക്കി അനുസ്മരണം ബി. ഡിക്സണും ഉദ്ഘാടനം ചെയ്തു. ജൂലായ് 4ന് നടന്ന വി. സാംബശിവൻ അനുസ്മരണം മകനും പ്രശസ്ത കാഥികനുമായ ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ജൂലായ് 5ന് നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എം.കെ. ദിലീപ് കുമാറും തിരുനല്ലൂർ കരുണാകരൻ അനുസ്മരണം രാജു കരുണാകരനും ഉദ്ഘാടനം ചെയ്തു.