തിരുവനന്തപുരം : കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം തൊഴിൽ മേഖലകൾ നിശ്ചലമാകുകയും നാടുമുഴുവൻ സാമ്പത്തിക പരാധീനതകളിൽ അകപ്പെട്ട് നട്ടം തിരിയുകയും ചെയ്യുന്നതിനിടെ ഉറക്കം കെടുത്തി മോഷ്ടാക്കളും.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി പൊലീസ് പരിശോധന ശക്തമാകുകയും തൊഴിൽ മേഖലകൾ നിശ്ചലമായതിനെ തുടർന്ന് ആളുകൾ വീട്ടിൽ തന്നെ കഴിയുകയും ചെയ്യുന്നതിനാൽ, കേട്ടുകേൾവിപോലുമില്ലാതിരുന്ന ഭവനഭേദനവും കവർച്ചയും മാലപൊട്ടിക്കലുമാണ് അൺലോക്കോടെ തിരിച്ചെത്തിയത്. തലസ്ഥാനനഗരി ഉൾപ്പെടുന്ന തിരുവനന്തപുരത്തും അയൽ ജില്ലയായ കൊല്ലത്തും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുതും വലതുമായി അരഡസനിലധികം കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ നഗരത്തിൽ പ്രമുഖ ജുവലറി ഉടമയുടെ വീട്ടിലുണ്ടായ ലക്ഷങ്ങളുടെ കവർച്ചയിലേതുൾപ്പെടെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും കവർച്ചാപരമ്പര അരങ്ങേറുന്നത്.
വജ്രാഭരണങ്ങൾ കവർന്ന
റോബിൻഹുഡ് എവിടെ?
ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാവാണ്. ബീഹാറിൽ റോബിൻഹുഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇർഫാനാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങളും രണ്ടരലക്ഷം രൂപയും കവർന്നതെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. വിഷു ദിനത്തിലാണ് കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്.
പൂജപ്പുരയിൽ
ഗേറ്റിനും രക്ഷയില്ല
ഭവനഭേദനവും അതിക്രമങ്ങളും തടയാനും സുരക്ഷയ്ക്കുമാണ് മതിലും ഗേറ്റും സ്ഥാപിക്കുന്നത്. എന്നാൽ, പൂജപ്പുരയിൽ വീടിന്റെ ഗേറ്റാണ് മോഷ്ടാക്കൾ ഇളക്കികൊണ്ടുപോയത്. കെ.ആർ.ആർ.എ 205 എഫിൽ റംസൂട്ട് ബീവിയുടെ വീടിന്റെ വലിയ ഗേറ്റാണ് മോഷണം പോയത്. മൂന്നുദിവസം മുമ്പ് രാത്രിയായിരുന്നു സംഭവം. വാഹനത്തിൽ കയറ്റി മാത്രമേ ഗേറ്റ് കൊണ്ടുപോകാൻ കഴിയൂ. എന്നാൽ വാഹനത്തിന്റെ ശബ്ദം കേട്ടിരുന്നില്ലെന്നാണ് പരിസരവാസികൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കവർച്ചയ്ക്കിറങ്ങിയ മണ്ണുമാന്തിയുടെ
ഡ്രൈവർ കുടുങ്ങി
കൊവിഡിനെ തുടർന്ന് നിർമ്മാണ മേഖലകളെല്ലാം നിശ്ചലമായതോടെ ജോലിയില്ലാതായ മണ്ണുമാന്ത്രി യന്ത്രത്തിന്റെ ഡ്രൈവർ കവർച്ചയ്ക്കിറങ്ങി പിടിയിലായി.
കഴിഞ്ഞയാഴ്ച രണ്ട് സ്ത്രീകളുടെ മാല പിടിച്ചു പറിക്കുകയും ഒരാളുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് മണ്ണുമാന്തിയുടെ ഓപ്പറേറ്ററായ ഉണ്ടപ്പാറ പറയൻകാവ് തൊഴുകുമേൽ കിഴക്കുംകര പുത്തൻ വീട്ടിൽ എൻ.ബിജു (26) പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30 ന് ആട്ടുകാലിന് സമീപം പനവൂർ റോഡിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലാണ് ബിജുവിനെ പൊലീസ് പിടികൂടിയത്.
മരമറുത്തകോൺ കിഴക്കുംകര പുത്തൻ വീട്ടിൽ ഷൈലജയുടെ മൂന്ന് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ രണ്ടാം തീയതി വിതുര തൊളിക്കോട് തേക്കുംമൂട് റോഡിലൂടെ നടന്നു പോയ തേക്കുംമൂട് ബിജേഷ് ഭവനിൽ മഞ്ജുഷയുടെ രണ്ട് പവൻ മാല പൊട്ടിച്ചതും ബിജുവാണെന്ന് പൊലീസ് പറഞ്ഞു. അതിന് തലേദിവസം പനയമുട്ടം പാണയം റോഡിലൂടെ നടന്നു പോകുകയായിരുന്ന മാമൂട് റോഡരികത്ത് വീട്ടിൽ വസന്തയുടെ മാല പൊട്ടിക്കാനുള്ള ശ്രമവും ബിജു നടത്തി.
ബിജുവിന്റെ വീട്ടിൽ നിന്ന് പൊട്ടിച്ച മാലയും പണവും പണയം വച്ച രസീതും അനവധി ഹെൽമറ്റുകളും കണ്ടെത്തിയ പൊലീസ് കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.
ആറ്റിങ്ങലിൽ കവർച്ച
പൊലീസിന്റെ മൂക്കിന് കീഴിൽ
ആറ്റിങ്ങലിൽ പൊലീസ് സ്റ്റേഷന്റെ മൂക്കിന് കഴിഞ്ഞ ദിവസം ആറുസ്ഥാപനങ്ങളിലാണ് കവർച്ചയും കവർച്ചാ ശ്രമവും നടന്നത്. ട്രഷറിക്ക് സമീപത്തെ ബ്യൂട്ടി പാർലർ, ദന്താശുപത്രി, അതിനു സമീപത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം, വീരളം ക്ഷേത്രത്തിന് സമീപത്തെ ഫോൺ കെയർ എന്ന മൊബൈൽ കട, സമീപത്തെ പെയിന്റ് കട, ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഫാൻസി സെന്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കെട്ടിടം പണിക്കായി ഇറക്കിയിരുന്ന 70 കിലോ കമ്പിയും മൊബൈൽ കടയിൽ നിന്ന് അമ്പതോളം ഫോണുകളുമാണ് നഷ്ടമായത്. വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ സ്ഥാപനങ്ങളിൽ പ്രവേശിച്ചത്. കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘം ആണെന്നാണ് നിഗമനം.എല്ലായിടത്തു നിന്ന് ലഭിച്ച വിരലടയാളങ്ങൾ ഒന്നാണെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
കാർ അപകടത്തിൽപ്പെട്ടു
മോഷ്ടാക്കൾ കുടുങ്ങി
പൊലീസ് പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കൾ കാർ മതിലിൽ ഇടിച്ചതിനെ തുടർന്ന് പിടിയിലായി. ശ്രീകാര്യം, കഴക്കൂട്ടം തുടങ്ങിയ സ്റ്റേഷനുകളിൽ കവർച്ച, മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതികളായ ആറ്റിപ്ര ആറ്റിൻകുഴി ചേമ്പ് പറമ്പ് സ്വരാജ് ഭവനിൽ ശ്യാംസുരാജ്(30), കഴക്കൂട്ടം പോങ്ങറ പ്രിയനിവാസിൽ പ്രിയൻ(29) എന്നിവരാണ് വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പിടിയിലായത്. വർക്കല ഭാഗത്തേക്ക് കാറിൽ ആയുധങ്ങളുമായെത്തിയ ഇവരെ പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ വെട്ടിച്ചു കടന്ന കാർ മരക്കടമുക്കിലെ മതിലിൽ ഇടിക്കുകയായിരുന്നു.
മറന്നുവച്ച ടൂൾസെടുക്കാൻ
വീണ്ടും പൂട്ടുപൊളിച്ചു !
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ കവർച്ചയ്ക്കിടെ മറന്നുവച്ച ടൂൾസെടുക്കാൻ മോഷ്ടാക്കൾ വീണ്ടും അതേ കടയുടെ പൂട്ട് പൊളിച്ചു. ചാത്തന്നൂർ പോസ്റ്റ് ഓഫീസിന് സമീപം താഴം നോർത്ത് അനസ് വില്ലയിൽ അനസിന്റെ എ.ബി.സി മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. ഏകദേശം 20 വയസ്സ് തോന്നിക്കുന്ന യുവാക്കൾ കവർച്ച നടത്തുന്ന സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. 5000 രൂപ, മൊബൈൽ ഫോൺ, പവർ ബാങ്ക്, ബ്ലൂ ടൂത്ത്, ബ്ലൂ ടൂത്ത് സ്പീക്കർ, ഹെഡ് സെറ്റ്, പഴ്സ് തുടങ്ങിയ കവർന്നു.
പഴ്സിൽ ഉണ്ടായിരുന്ന ആധാർ, പാൻ കാർഡ് എന്നിവ നഷ്ടപ്പെട്ടു. വില കൂടിയ വാച്ച് കടയിൽ ഉണ്ടായിരുന്നത് മോഷ്ടാക്കൾ കണ്ടില്ല. കഴിഞ്ഞദിവസം പുലർച്ചെ നാലിനാണ് കവർച്ച നടന്നത്. സ്കൂട്ടറിൽ കടയുടെ മുന്നിൽ എത്തിയപ്പോൾ വാഹനം വരുന്നത് കണ്ട് കടന്നുകളഞ്ഞ മോഷ്ടാക്കൾ വീണ്ടുമെത്തി പൂട്ടു പൊളിച്ചു കടയിൽ കയറി. ഷട്ടർ പൂർണമായും ഉയർത്തി വച്ചാണ് മോഷണം നടത്തിയത്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറയ്ക്കുന്ന തരത്തിൽ തൊപ്പി ധരിച്ചും മറ്റേയാൾ മുഖം മറച്ചുമാണ് കവർച്ച നടത്തിയത്.
കട തുറന്നു കിടക്കുന്നതു കണ്ട പ്രഭാതസവാരിക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അറുപതിനായിരത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ പരവൂർ, കൊല്ലം ഭാഗങ്ങളിൽ മൊബൈൽ കടകളിലും കവർച്ച നടത്തിയിരുന്നു.
മോഷണത്തിനിടെ മറന്നു വച്ച സാധനം എടുക്കാൻ മോഷ്ടാക്കൾ വീണ്ടും കടയിൽ എത്തി. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ കടയിൽ വച്ചു മറന്നത് എടുക്കാനാണ് വീണ്ടും എത്തിയത്. അവർ അതുമായി രക്ഷപ്പെടുകയും ചെയ്തു.
കൊട്ടാരക്കരയിൽ
ആളില്ലാത്ത വീട്ടിൽ കവർച്ച
കൊട്ടാരക്കര, അഞ്ചൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പൊടിയാട്ടുവിള ഷിബു മന്ദിരത്തിൽ ഷിബു ജോർജ്, അമ്പലത്തുംവിള തോട്ടുംകര പുത്തൻവീട്ടിൽ സുജ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്വർണവും പണവും നഷ്ടമായതായി വീട്ടുകാർ അറിയിച്ചു. ഇരു സ്റ്റേഷനുകളുടെയും പരിധി അവസാനിക്കുന്നിടത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.
ഷിബു ജോർജിന്റെ വീട് അഞ്ചൽ പൊലീസിന്റെയും സുജയുടെ വീട് കൊട്ടാരക്കര പൊലീസിന്റെയും പരിധിയിലാണ്. ഷിബു ജോർജും കുടുംബവും വിദേശത്തായതിനാൽ ഇവിടെ ആൾത്താമസം ഉണ്ടായിരുന്നില്ല. ടാപ്പിംഗ് നടത്തുന്ന സമീപവാസിയാണ് കാര്യങ്ങൾ നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗിനെത്തിയപ്പോഴാണ് വീടിന് സമീപത്തെ നിരീക്ഷണ കാമറ ദിശമാറി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ കണ്ടത്. മോഷണ സമയത്ത് സുജയുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല. കിടപ്പു മുറികളും ഇരുമ്പ് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പതിനായിരത്തോളം രൂപയാണ് കവർന്നത്.