c

ഉന്നതരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡികൾ

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരുടെ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ. പൊലീസുകാർ, അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങി സാധാരണയാളുകളുടെ പേരുകളിൽ വരെ ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ സൗഹൃദവലയത്തിലുള്ളവർക്ക് വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം അയയ്ക്കുകയും പല വിഷയങ്ങൾ ചുണ്ടിക്കാട്ടി സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്. സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വ്യാജ അക്കൗണ്ടിൽ നിന്ന് ദുരിതം ചൂണ്ടിക്കാട്ടുമ്പോൾ ധനസഹായത്തിന് കൂടുതൽ വിശ്വാസ്യത കൈവരുമെന്നുള്ളത് മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഗിൾപേ ആവശ്യപ്പെട്ട നമ്പരുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സൈബർ പൊലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്.

വ്യാജ അക്കൗണ്ട്

1. പ്രൊഫൈലിൽ നിന്ന് വ്യക്തിഗതവിവരങ്ങളും ചിത്രങ്ങളും ചോർത്തുന്നു

2. നിങ്ങളുടെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നു

3. നിങ്ങളുമായി ബന്ധമുള്ളവർക്ക് സൗഹൃദസന്ദേശം അയയ്ക്കുന്നു

4. ചാറ്റിങ്ങിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ടാണെന്ന് അറിയിക്കുന്നു

5. ഗൂഗിൾപേ, പേടിഎം തുടങ്ങിയവ വഴി പണം അയയ്ക്കാൻ ആവശ്യപ്പെടുന്നു

6. വിശ്വാസ്യത ഉറപ്പുവരുത്താനായി തന്ത്രങ്ങളും അടവുകളും പയറ്റുന്നു

7. ഒരിക്കലും ഫോണിൽ സംസാരിക്കില്ല, ചാറ്റിംഗ് മാത്രം

സൈബർ പൊലീസ് അന്വേഷണം

1. ഐ.പി അഡ്രസ് വഴിയുള്ളഅന്വേഷണം ചെന്നെത്തിയത് ഉത്തരേന്ത്യയിൽ

2. ഫോൺ നമ്പരുകൾ ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ പേരിൽ

3. തട്ടിപ്പുകാർ അവരിൽ നിന്ന് നിസാരവിലയ്ക്ക് ഫോണും സിമ്മും കൈക്കലാക്കുന്നു

4. ഫോണിൽ ബന്ധപ്പെട്ടാൽ ആശയവിനിമയത്തിന് ഹിന്ദിമാത്രം ഉപയോഗിക്കും

5. മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം വളരെ കുറവ്

6. ലക്ഷ്യം സാമ്പത്തിക തട്ടിപ്പ് മാത്രം

മുൻകരുതൽ വേണം

1. ഫേസ്‌ബുക്കിൽ പ്രൊഫൈൽ, ഫോട്ടോകൾ എന്നിവ ലോക്ക് ചെയ്യുക

2. പരിചയമില്ലാത്തവരുടെ സൗഹൃദസന്ദേശങ്ങൾ അവഗണിക്കുക

3. വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടാൽ സ്വന്തം അക്കൗണ്ടിൽ നിന്നുകൊണ്ട് അതിലേക്ക് കയറുക

4. ഫേസ്‌ബുക്ക് 'റിപ്പോർട്ട്' ഓപ്‌ഷൻ ഉപയോഗിക്കുക

5. റിപ്പോർട്ടിൽ 'ഫേക്ക് ' എന്നതിന് പകരം ' ത്രെട്ടനിംഗ്' ഓപ്‌ഷൻ നൽകുക

6. 'ആരുടെ' എന്ന ഫേസ്‌ബുക്ക് ചോദ്യത്തിന് 'എന്റെ (മീ )' എന്ന് ഉത്തരം നൽകുക

7. സുഹൃത്തുക്കളെക്കൊണ്ടും വ്യാജ അക്കൗണ്ട് 'റിപ്പോർട്ട്' ചെയ്യിക്കുക

8. 'എന്റെ' എന്നതിന് പകരം 'സുഹൃത്തിന്റെ' എന്ന ഉത്തരം നൽകിക്കണം

9. ഓട്ടോമേറ്റഡ് സിസ്റ്റം വഴി കുറച്ചുസമയത്തിനുള്ളിൽ ഫേസ്‌ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും

10. ഫേക്ക് ഓപ്‌ഷൻ നൽകിയാൽ അക്കൗണ്ടിന്റെ പ്രവർത്തനം തടസപ്പെടുത്താൻ സാദ്ധ്യത കുറവ്