ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ ടി.എസ് കനാലിന്റെ വശങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന വേലിയേറ്റം മൂലം ഉപ്പുവെള്ളം വീടുകളിലേക്ക് കയറുന്ന പ്രശ്നം നിരീക്ഷിക്കാൻ ദേശീയ ജലപാതാ വിഭാഗം ഡയറക്ടറും സംഘവും ഇന്ന് ആലപ്പാട് സന്ദർശിക്കും. കായൽ തീരത്ത് മതിയായ സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് ഉപ്പുവെള്ളം കരയിലേക്ക് ഇരച്ചു കയറുന്നതിന് കാരണം. ആലപ്പാട് പഞ്ചായത്ത് നിവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സി.ആർ. മഹേഷ് എം.എൽ.എ യെ സമീപിക്കുകയും അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇൻ ലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊച്ചി ഓഫീസിലെത്തി ഡയറക്ടറെ നേരിട്ട് കാണുകയും കായൽ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജനപ്രതിനിധികൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ജലപാതാ വിഭാഗം ഡയറക്ടറും സംഘവും ഇന്ന് ആലപ്പാട് സന്ദർശിക്കുന്നത്.