കൊല്ലം: കുണ്ടറ മുളവനയിൽ നിന്ന് മൂന്ന് ലിറ്റർ ചാരായവും 60 ലിറ്റർ കോടയും എക്സൈസ് പിടികൂടി. മുളവന മുണ്ടുമാമ്പിള പടിഞ്ഞാറ്റതിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ (40) വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട സന്തോഷിനെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രമ്യ, ഡ്രൈവർ നിതിൻ എന്നിവരാണ് പരിശോധന നടത്തിയത്.