കൊല്ലം: ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിന് മുൻപ് നിരവധി തവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമായി. ഉത്രയെ കടിപ്പിക്കുന്നതിന് മുൻപ് അണലിയെപ്പറ്റി പത്ത് തവണ സെർച്ച് ചെയ്തു. അണലിയുടെ കടിയേറ്റ് ഉത്ര കിടക്കുമ്പോൾ അടുത്ത ഉദ്യമത്തിനായി മൂർഖനെപ്പറ്റിയും അഞ്ച് തവണ ഗൂഗിളിൽ സെർച്ച് ചെയ്തെന്ന് ശാസ്ത്രീയ തെളിവുകൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയെ ബോദ്ധ്യപ്പെടുത്തി.

മൂർഖനിൽ നിന്ന് എങ്ങനെ വിഷം പുറത്ത് വരുത്തിക്കാമെന്നാണ് സൂരജ് ഇന്റർനെറ്റിൽ തിരഞ്ഞത്. നെറ്റിലുള്ള ദൃശ്യങ്ങളിൽ കണ്ടതുപോലെ പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച് വിഷം പുറത്ത് വരുത്തിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയത്. ഇത് സൂരജ് വനംവകുപ്പിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ സൂരജ് സുഹൃത്തിന്റെ ഫോണിൽ നിന്ന് ചാവരുകാവ് സുരേഷിനെ വിളിച്ചു. പാമ്പിനെ വാങ്ങിയതും പണം നൽകിയതും പുറത്ത് പറയരുതെന്ന് പറഞ്ഞു. അല്ലെങ്കിൽ കൊലക്കേസിൽ താനും പ്രതിയാകുമെന്നും സുരജ് സുരേഷിനെ ഭീഷണിപ്പെടുത്തി. ഇക്കാര്യം സുരേഷ് സമ്മതിച്ചിട്ടുണ്ട്. മൂർഖനെ കൊണ്ടുവന്ന ജാറിൽ സൂരജിന്റെ വിരലടയാളം ലഭിച്ചു. പാമ്പിന്റെ ഡി.എൻ.എയും കിട്ടി.

സംഭവദിവസം തങ്ങളുടെ കുഞ്ഞും മുറിയിലുണ്ടായിരുന്നെന്നാണ് സൂരജ് പറയുന്നത്. എന്നാൽ കുഞ്ഞ് തങ്ങൾക്കൊപ്പമായിരുന്നെന്ന് സൂരജിന്റെ മാതാപിതാക്കൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്ര മരിച്ചതിന് പിന്നാലെ ഉത്രയ്ക്ക് കൊടുക്കുന്നതെല്ലാം ഇനിമുതൽ തനിക്ക് നൽകണമെന്നും കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും സൂരജ് ബന്ധുക്കളോട് പറഞ്ഞു. ഇത് സ്വത്ത് തട്ടിയെടുക്കാനുള്ള പ്രതിയുടെ വ്യഗ്രത വെളിപ്പെടുത്തുന്നതായും പ്രോസിക്യൂഷൻ വാദിച്ചു. 12 മുതൽ പ്രതിഭാഗത്തിന്റെ അന്തിമവാദം തുടങ്ങും. അതിന് ഉചിതമായ മറുപടി തുടർന്ന് നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വ്യക്തമാക്കി.