crime-
പ്രതികൾ

കൊല്ലം: പേരൂർ പണ്ടാരക്കുളത്തിന് സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ മൂന്നുപേർ പിടിയിലായി. കൊറ്റങ്കര വയലിൽ വീട്ടിൽ ഷംനാദ് (34, ഷിനു), വടക്കേവിള എസ്.എൻ പബ്ലിക് സ്കൂളിന് സമീപം എസ്.എൻ.ജി നഗർ 67ൽ വാടകയ്ക്ക് താമസിക്കുന്ന പേരൂർ ഷാഫി മൻസിലിൽ ഷാഹുദ്ദീൻ (33, ഷാഫി), കൊറ്റങ്കര മാമൂട് സ്മാരകത്തിന് സമീപം ഹാഷിം മൻസിലിൽ ഹാഷിം (34) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

കരിക്കോട് ശക്തിനഗർ പണയിൽ പുത്തൻവീട്ടിൽ ജയഗണേഷിനെയാണ് (26) പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ മാസം 4ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. മേക്കോൺ സ്വദേശിയായ താരിഖിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നേരത്തെ നടന്ന സംഘർഷത്തെ തുടർന്ന് ജയഗണേഷും കൂട്ടരും ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ജയഗണേഷിനെ എതിർസംഘം കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.

സംഭവശേഷം ഒളിവിൽപ്പോയ ഇവരെ കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം കിളികൊല്ലൂർ ഐ.എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, എസ്. സജി, താഹക്കോയ, ജയൻ. കെ. സക്കറിയ, എ.എസ്. മധു, എ.എസ്.ഐ എസ്. സന്തോഷ് കുമാർ, എസ്.സി.പി.ഒ ഡെൽഫിൻ ബോണിഫോസ്, സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി താരിഖും അഞ്ചാം പ്രതി അനീസും ഇപ്പോഴും ഒളിവിലാണ്.