പുത്തൂർ: ഉറ്റവരില്ലാത്ത സരസമ്മയ്ക്ക് ഇനി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ സ്നേഹത്തണൽ. ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് വികലാംഗയായ സരസമ്മ(65) ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അഭയം തേടിയിരുന്നതാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ തങ്ങാൻ കഴിയില്ലെന്ന സ്ഥിതിവന്നു. അകന്ന ബന്ധുവായ പുത്തൂർ ചെറുപൊയ്ക അനിൽഭവനിൽ അനിൽകുമാറിന്റെ സംരക്ഷണയിലാണ് ഒരു വർഷത്തിലധികമായി സരസമ്മ കഴിഞ്ഞിരുന്നത്. ശാരീരിക അവശതകൾ ഏറിവന്നതോടെയാണ് സരസമ്മയെ ഏറ്റെടുക്കാൻ സായന്തനം തയ്യാറായത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാലും പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.ശശികലയും പൊതുപ്രവർത്തകനായ സുനിൽ ചെറുപൊയ്കയും ചേർന്ന് സരസമ്മയെ സായന്തനം അധികൃതർക്ക് കൈമാറി. സായന്തനം ഹോം മാനേജർ ജയശ്രീ, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സി.ശിശുപാലൻ എന്നിവർ ഏറ്റുവാങ്ങി. സരസമ്മയ്ക്ക് ആവശ്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളും സായന്തനം നൽകുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു.