പുത്തൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി പുത്തൂർ ഫ്രണ്ട്‌സ് ഫേസ്ബുക്ക്ആൻഡ് വാട്സ്ആപ്പ് കൂട്ടായ്മ . ഒപ്പം മൂന്ന് മാസത്തേക്കുള്ള ഇന്റർനെറ്റ് സൗകര്യവും ഒരുക്കി നൽകി. കൂട്ടായ്മ ജൂൺ 20 മുതൽ 30 വരെ നടത്തിയ 100 രൂപ ചലഞ്ചിലൂടെയാണ് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ആവശ്യമായ 70000 രൂപ കണ്ടെത്തിയത്. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ 10 പേർ മൂന്ന് മാസത്തേക്ക് ഇന്റർനെറ്റ് സൗകര്യവും ഒരുക്കി നൽകി. ഇന്റർനെറ്റ് സൗകര്യത്തിനായി 7000 രൂപയാണ് അധികമായി കണ്ടെത്തിയത്. 235 പേരാണ് സ്മാർട്ട് ഫോണിന് അപേക്ഷ നൽകിയത്. അതിൽ നിന്ന് അർഹരായ 10 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ പുത്തൂർ ഫ്രണ്ട്‌സ് അംഗങ്ങൾ സ്മാർട്ട് ഫോൺ വീടുകളിൽ എത്തി വിതരണം ചെയ്തത്.
ഇതിനായി പ്രത്യേക ഉദ്ഘാടന ചടങ്ങുകളോ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന ഫോട്ടോയെടുപ്പോ നടത്തിയില്ല എന്നതും ഏറെ ശ്രദ്ധേയമായി. എൽ .കെ .ജി മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പുത്തൂർ സ്വദേശികളായ വിദ്യാർത്ഥികളെ കണ്ടെത്തുമ്പോൾ തിരുവനന്തപുരം വഴുതക്കാട് ഉള്ള കാഴ്ച്ച പരിമിതർക്കായുള്ള സർക്കാർ സ്കൂളിലെ ഒരു വിദ്യാർത്ഥിക്കും സ്മാർട്ട് ഫോൺ നൽകുവാൻ കഴിഞ്ഞതായി പുത്തൂർ ഫ്രണ്ട്‌സ് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
വിതരണത്തിന് ഗ്രൂപ്പ് അഡ്മിൻ ബിജു കുളങ്ങര, അംഗങ്ങളായ എബി ജോൺ പുന്തല, അരുൺ അനിൽ, എം. ജോസഫ്കുട്ടി, ജേക്കബ് ഇടിക്കുള, ഗ്ലാഡി തോമസ്, അജിത് അനിൽ, സതീഷ് സോമരാജൻ, അനന്തു ശ്രീശോഭൻ എന്നിവർ നേതൃത്വം നൽകി.