തിരുവനന്തപുരം: ദൃക്‌സാക്ഷികളില്ലാത്ത കൊലപാതക കേസുകളിലും മറ്റും പാെലീസ് ആശ്രയിക്കുന്ന ഫോറൻസിക് വിദഗ്ദ്ധരുടെ സേവനം ഇനി പഴങ്കഥയായേക്കും. കാരണം, ഫോറൻസിക് വിദഗ്ദ്ധരുടെ സേവനത്തിന് തുല്യമായ ഫലം നൽകുന്ന സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ കിറ്റുകൾ ഇനി മുതൽ പൊലീസിനും ലഭിക്കാൻ പോകുകയാണ്. ഈ കിറ്റുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള വിരലടയാള ശേഖരണവും മറ്റും നടത്താൻ ഫോറൻസിക് ഉദ്യോഗസ്ഥരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇതിലൂടെ കേസ് അന്വേഷണത്തിന് കൂടുതൽ വേഗം കൈവരികയും ചെയ്യാം.
ഭൂതക്കണ്ണാടി മുതൽ അരക്ക് വരെ
അതിസൂക്ഷ്‌മമായ അടയാളങ്ങൾ പോലും വ്യക്തമായി കാണാൻ സാധിക്കും വിധത്തിലുള്ള ലൈറ്റോട് കൂടിയ മാഗ്നിഫൈയിംഗ് ലെൻസ് മുതൽ തെളിവുകൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള കവറുകളും സീൽ ചെയ്യാനുള്ള പശയുമുൾപ്പെടെ അമ്പതിലധികം വസ്തുക്കളാണ് സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ കിറ്റിലുള്ളത്. അഞ്ച് മണിക്കൂർ തുടർച്ചയായി പ്രകാശിപ്പിക്കാവുന്നതും അരക്കിലോമീറ്റർ ദൂരം വരെ വ്യക്തമായി കാണാൻ കഴിയും വിധത്തിലുളള എൽ.ഇ.ഡി ലൈറ്റ്, മാഗ്‌നറ്റിക് കോമ്പസ്, ഇലക്ട്രോണിക് വെയിംഗ് മെഷീൻ, ഗ്ളൗസ്, ഫേസ് മാസ്ക്, തെളിവ് ശേഖരിക്കാനുള്ള പേപ്പർ കവറുകൾ, പോളിത്തീൻ ബാഗുകൾ, ടൂൾ സെറ്റുകൾ, കവറുകൾ സീൽ ചെയ്യാനുള്ള അരക്ക്, മെഴുകുതിരി എന്നിവ കിറ്റിലുണ്ട്. മോഷ്ടാക്കളുടെയും കുറ്റവാളികളുടെയും വിരലടയാളങ്ങൾ ശേഖരിക്കാനുള്ള റബർ റോളർ, ഇങ്ക് പ്രിന്റർ, ഫൈബർ സ്ളാബ്, പാം പ്രിന്റ് പാഡ് എന്നിവയും കിറ്റിന്റെ പ്രത്യേകതയാണ്. സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെ മേൽനോട്ടത്തിലാകും തെളിവ് ശേഖരണം. കേസുകളുടെ സ്വഭാവം അനുസരിച്ച് മുടിനാരിഴ മുതൽ വിരലടയാളം വരെ കുറ്റവാളിയുടെ സാന്നിദ്ധ്യവും കൃത്യത്തിലെ പങ്കാളിത്തവും സംബന്ധിച്ച തെളിവുകൾ ഒപ്പിയെടുക്കാൻ കിറ്റ് ഉപകരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. പരിശീലനം ലഭിച്ച പൊലീസുകാർക്ക് ഇതുപയോഗിച്ച് സംഭവ സ്ഥലത്തെത്തി ഫോറൻസിക് ഉദ്യോഗസ്ഥർ ഇല്ലാതെ തന്നെ വിരടലയാളവും മറ്റും ശേഖരിക്കാം.
450 സ്‌റ്റേഷനുകളിൽ, 1.49 കോടി
സംസ്ഥാനത്തെ 450 പൊലീസ് സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കിറ്റ് വാങ്ങാൻ ചെലവിടുന്നത് 1.49 കോടി രൂപയും. പക്ഷേ, പ്രമാദമായ സംഭവങ്ങളിൽ നിലവിലെ പോലെ ഫോറൻസിക് ഉദ്യോഗസ്ഥരെ തന്നെ വിളിക്കണമെന്നാണ് നിർദേശം. മോഷണം, അസ്വാഭാവിക മരണം തുടങ്ങിയവയ്ക്കൊക്കെ ഈ കിറ്റ് ഉപയോഗിച്ചുതന്നെ പൊലീസുകാർക്ക് തെളിവെടുപ്പ് സാദ്ധ്യമാക്കാം. നിലവിൽ സംഭവ സ്ഥലത്തെ കതക്, ജനാല, അലമാര, മേശ, ലോക്കറുകൾ തുടങ്ങിയവയിൽ നിന്ന് വിരലടയാളം പോലുള്ള തെളിവുകൾ ശേഖരിക്കാനും തൂങ്ങിമരണം പോലുള്ള അസ്വാഭാവിക മരണങ്ങളിലും മറ്റും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരെയാണ് ആശ്രയിക്കുന്നത്. എന്നാൽ, സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ കിറ്റുകൾ ഉപയോഗിച്ച് അതത് സ്റ്റേഷനുകളിലെ പൊലീസുകാർക്ക് തന്നെ ഇത്തരം തെളിവുകൾ ശേഖരിക്കാം. അസ്വാഭാവിക സാഹചര്യങ്ങളിലും മോഷണം പോലുള്ള കുറ്രകൃത്യങ്ങളിലും പിടിക്കപ്പെടുന്നവരുടെ വിരലടയാളവും ഇതിലൂടെ പൊലീസിനുതന്നെ ശേഖരിക്കാനാവും. പരിഷ്‌കരിച്ച പൊലീസ് പരിശീലന പദ്ധതി പ്രകാരം ഇത്തരം തെളിവുശേഖരണം പാഠ്യപദ്ധതിയിലുൾപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തെങ്കിലും ഇതിനുള്ള ഉപകരണങ്ങളോ സംവിധാനമോ സ്റ്റേഷനുകളിൽ ഇല്ലാത്തതിനാൽ ഇത് നടപ്പായിരുന്നില്ല.