കരുനാഗപ്പള്ളി: കോടതി സമുച്ചയം പ്രതിസന്ധികൾ നീങ്ങി ഉടനെ യാഥാർത്ഥ്യമാകുമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ അറിയിച്ചു. കരുനാഗപ്പള്ളി നഗരസഭാ പരിധിയിലുള്ള ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് നിൽക്കുന്ന സർക്കാർ വസ്തു കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുവാൻ നേരത്തെ തീരുമാനിച്ചിരുന്നു . എൻജിനീയറിംഗ് കോളേജിന് അവരുടെ വസ്തുവിൽ പുതിയ കെട്ടിടം നിർമ്മിക്കുവാൻ 3 കോടി രൂപ നഷ്ടപരിഹാരമായി ഐ.എച്ച്.ആർ.ഡി ആവശ്യപ്പെട്ടു. എന്നാൽ നഗരസഭ ഒരു കോടി 12 ലക്ഷം രൂപ നൽകാമെന്ന വ്യവസ്ഥയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോടതി ഒഴിയേണ്ടതിനാൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് കെ.ബി. ജയകുമാറിന്റെ ചേമ്പറിൽ ചേർന്ന യോഗതത്തിലാണ് തീരുമാനം .ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് നിന്നിരുന്ന നിർദ്ദിഷ്ട സ്ഥലം ജില്ലാ ജഡ്ജി കെ. പി. ജയകുമാർ ഇന്ന് 3 മണിക്ക് സന്ദർശിക്കും. തുടർ നടപടികൾക്കായി 14ന് ജില്ലാ ജഡ്ജിയുടെ ചേംബറിൽ അഡിഷണൽ ചീഫ് സെക്രട്ടറി, ഐ.എച്ച്.ആർ.ഡി ഡയറക്ടർ, എം.എൽ.എ, നഗരസഭ ചെയർമാൻ, ജില്ലാ കളക്ടർ, ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേരുവാനും തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ ചേംബറിൽ നടന്ന യോഗത്തിൽ സി.ആർ.മഹേഷ് എംഎൽഎ,​ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, അഡീഷണൽ സെഷൻ ജഡ്ജ് ഹരികുമാർ, ചീഫ് ജുഡീഷണൽ മജിസ്‌ട്രേറ്റ് ഹരികൃഷ്ണൻ,ഐ. എച്ച് .ആർ .ഡി പോളിടെക്നിക് പ്രിൻസിപ്പൽ മണികണ്ഠൻ,​ ബാർ അസോസിയേഷൻ ഭാരവാഹികളായ നിസാർ, ബാലസുബ്രമണ്യം എന്നിവർ പങ്കെടുത്തു.