തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് രണ്ടാം വാർഡിലെ കൊച്ചു കോയിക്കൽമുക്ക് - കൊറ്റിനാട്ട് മുക്ക് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. റോഡ് തകർന്ന് വെള്ളക്കെട്ടായി മാറി. നിരവധി ആളുകൾ സഞ്ചരിച്ചിരുന്ന ഈ റോഡിൽക്കൂടി ഇരുചക്ര വാഹനയാത്ര പോലും ഇപ്പോൾ ദുഷ്ക്കരമാണ്. വടക്ക് ഭാഗങ്ങളിലുള്ളവർക്ക് മുരുകാലായം ജംഗ്ഷൻ, ഇടക്കുളങ്ങര, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും വടക്കോട്ട് കോക്കനട്ട് നഴ്സറി, ചിറ്റുമൂല ,പുതിയകാവ് എന്നിവടങ്ങളിലേയ്ക്കുമുള്ള എളുപ്പവഴിയാണിത്. ഈ റോഡിന്റെ മദ്ധ്യഭാഗത്തായാണ് ചിറ്റയ്ക്കാക്കാട്ട് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലേയ്ക്കുള്ള യാത്രയും ഇപ്പോൾ ബുദ്ധിമുട്ടിലാണ്. എത്രയും വേഗം ഈ റോഡ് പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.