തിരുവനന്തപുരം : മദ്യത്തിനും മറ്റ് ദുശീലങ്ങൾക്കും അടിമപ്പെട്ട മകനെ നേർവഴിക്ക് നയിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ റിട്ട. അദ്ധ്യാപികയ്ക്ക് ഒടുവിൽ മകന്റെ കൈകൊണ്ട് തന്നെ ജീവൻ വെടിയേണ്ടിവന്നു. തിരുവനന്തപുരം പൂവാർ പാമ്പുകാല ഊറ്റുകുഴി പരേതനായ പാലയ്യന്റെ ഭാര്യ ഓമനയെയാണ് (70) മകൻ വിപിൻദാസ്(39) കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. അമ്മയെ ക്രൂരമായി മർദ്ദിച്ചും മാറിൽ തൊഴിച്ചും കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വിപിൻ ദാസ്, കുഴിമാടമൊരുക്കി മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പൊലീസിന്റെ പിടിയിലായത്.
മദ്യം തുലച്ച ജീവിതം
സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെ പട്ടാളത്തിൽ പോകാൻ താൽപ്പര്യം കാണിച്ച വിപിൻ ദാസിനെ അദ്ധ്യാപികയായിരുന്ന അമ്മയാണ് കഷ്ടപ്പെട്ട് സൈന്യത്തിൽ ചേർത്തത്. പട്ടാളത്തിൽ ജോലി കിട്ടിയ വിപിൻ മദ്യത്തിന് അടിമയായതോടെ ജീവിതം നശിച്ചുതുടങ്ങി. ജോലി സ്ഥലത്തും അവധിക്ക് നാട്ടിലെത്തുമ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപാനം പതിവാക്കിയ വിപിൻ, കഴിഞ്ഞ കുറേ വർഷങ്ങളായി വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. മുഴുവൻ സമയ മദ്യപാനിയായ മകനെ വിവാഹം ചെയ്യാൻ അനുവദിച്ചാൽ ഒരു പെൺകുട്ടിയുടെ ഭാവി കൂടി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ അമ്മ അതിനെ അനുകൂലിച്ചില്ല. മദ്യപാനം നിർത്തി നല്ലനിലയിലായശേഷം മതി വിവാഹമെന്നായിരുന്നു ആ അമ്മയുടെ നിലപാട്. വിവാഹം കഴിക്കുന്നതിനായി ഇനി മദ്യപിക്കില്ലെന്ന് പലപ്പോഴും വിപിൻ ദാസ് തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മാസാമാസം മിലിട്ടറിയിൽ നിന്ന് ക്വാട്ട കിട്ടുമ്പോൾ വിവാഹവും പ്രതിജ്ഞയുമെല്ലാം മറക്കും. തന്റെ ക്വാട്ട പോരാഞ്ഞ് മറ്റഉള്ളവരിൽ നിന്ന് വിലക്ക് വാങ്ങിയും കുടിച്ച് കൂത്താടിയ വിപിൻ സഹപ്രവർത്തകർക്കും മേലധികാരികൾക്കും തലവേദനയായി. വിപിനെ നന്നാക്കാൻ പലപണിയും അവർ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. ഡി അഡിക്ഷൻ സെന്ററുകളിലെത്തിച്ച് കൗൺസലിംഗും ചികിത്സയുമൊക്കെ നടത്തിയിട്ടും വിപിൻ കുടി മാത്രം നിർത്തിയില്ല.
അമ്മയെ നോക്കാനെന്ന പേരിൽ വിരമിക്കൽ
നാട്ടിൽ തനിച്ച് കഴിയുന്ന അമ്മയെ നോക്കാനെന്ന പേരിൽ വി.ആർ.എസ്. വാങ്ങിയാണ് വിപിൻദാസ് ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയത്. കഷ്ടിച്ച് പതിനഞ്ച് വർഷത്തെ മിലിട്ടറി സേവനത്തിനൊടുവിൽ നാട്ടിൽ വന്ന വിപിൻ, സർവീസ് ആനുകൂല്യമായി ലഭിച്ച പണമെല്ലാം കുടിച്ച് മുടിച്ചു. മാസാമാസം കിട്ടുന്ന പെൻഷൻ പോരാഞ്ഞ് അമ്മയുടെ പെൻഷൻ തുകയും കടം വാങ്ങി കുടി തുടങ്ങി. കൂട്ടുകാരുമൊത്ത് നിത്യവും മദ്യപാനവും വീട്ടിൽ പ്രശ്നങ്ങളും തുടർന്ന വിപിൻ, അപ്പോഴും വിവാഹം കഴിക്കണമെന്ന പിടിവാശി തുടർന്നു. മദ്യപാനം നിർത്താതെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് അമ്മയും. ഇതേച്ചൊല്ലി സംഭവദിവസം ഉണ്ടായ വഴക്കിനിടെയാണ് വിപിൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കുറ്റബോധമില്ലാതെ കുഴിവെട്ടൽ
സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനവും ദുർനടപ്പും ചോദ്യം ചെയ്തതിൽ
പ്രകോപിതനായ വിപിൻദാസ് ഓമനയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഞെക്കുകയും അലറിക്കരഞ്ഞ ഓമനയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു.
മരിച്ചശേഷവും ദേഷ്യം തീരാതെ ഇയാൾ അമ്മയുടെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം എടുത്ത് പുറത്തെ പൈപ്പിന്റെ ചുവട്ടിലെത്തിച്ച് മുഖത്തെ രക്തം കഴുകിക്കളയുകയും അമ്മ മരിച്ചുപോയതായി സുഹൃത്തുകളെ അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തിയവർ മൃതശരീരം കിടക്കുന്നത് കണ്ട് സംശയംതോന്നി തിരികെപോയി. തുടർന്ന് ഇയാൾ കാഞ്ഞിരംകുളത്ത് പോയി ശവപ്പെട്ടി വാങ്ങി വീട്ടിലെത്തിച്ചശേഷം വീടിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മറവ് ചെയ്യുന്നതിനായി കുഴിവെട്ടി.ഇതുകണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയും വിപിൻദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പൊലീസിന്റെ ആദ്യഘട്ട ചോദ്യംചെയ്യലിൽ അമ്മ സ്വാഭാവികമയി മരിച്ചതാണെന്നും ബന്ധുക്കൾ സഹകരിക്കാത്തതിനാലാണ് മൃതശരീരം മറവുചെയ്യാൻ ശ്രമിച്ചതെന്നും മൊഴിനൽകി. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അമ്മയെ കൊന്നതാണെന്ന് വിപിൻദാസ് സമ്മതിച്ചത്.