free

തിരുവനന്തപുരം : ബ്ലൂവെയിലിനും പബ്ജിക്കും പിന്നാലെ സംസ്ഥാനത്ത് ഫ്രീഫയർ എന്ന ലോ എൻഡ് ഗെയിം വില്ലനായതോടെ പൊലീസിന് തലവേദന കൂടി. ഗെയിമിൽ പങ്കെടുക്കാൻ ബാങ്കിലുള്ള ലക്ഷങ്ങൾ കളഞ്ഞുകുളിക്കുകയും ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നതാണ് പൊലീസിന് പൊല്ലാപ്പായിരിക്കുന്നത്. ഓൺലൈൻ ഗെയിമുകളുടെ അപ്‌ഡേറ്റുകൾക്കായി ലക്ഷങ്ങൾ നഷ്ടമായ നിരവധി മാതാപിതാക്കൾ കേരളത്തിലുണ്ട്. ഫ്രീ ഫയർ ഗെയിമിന്റെ അപ്ഡേഷനായി മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാട്ടി സൈബർ പൊലീസിന് ലഭിച്ച ആദ്യപരാതി ആലുവയിൽ നിന്നാണ്. എന്നാൽ,​ ഇത് ആദ്യത്തെ സംഭവമല്ല. പല കേസുകളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് സ്വന്തം മക്കളായതിനാൽ ആരും പരാതിപ്പെടാറില്ല എന്നതാണ് വാസ്തവം. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ളാസുകൾ ഓൺലൈനാകുകയും

സ്‌കൂളുകൾക്ക് പൂട്ട് വീഴുകയും ചെയ്തതോടെ സാമൂഹ്യ ജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. പ്ലേ സ്റ്റോറിലും മറ്റും ഫ്രീഫയർ പോലുള്ള ഗെയിമുകൾ സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും ലോ എൻഡ് സ്മാർട്ട്ഫോണുകളുമായി പോലും ഇവ പൊരുത്തപ്പെടും. ഇതുകാരണം,​ കുട്ടികൾ വേഗം ഇതിന് അടിമകളാകും.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമുണ്ട്. പലകോണുകളിൽ നിന്നായി ചാറ്റ് ചെയ്യുന്ന അപരിചിതരിൽ തട്ടിപ്പുകാരും ലൈംഗിക ചൂഷണക്കാരും ഡേറ്റാ മോഷ്ടാക്കളുമുണ്ടാകും. എന്നാൽ,​ ചതിയിൽപ്പെട്ടശേഷമാകും ചൂഷണത്തെപ്പറ്റി ഇരകൾക്ക് മനസിലാകുക. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ പൂവാറിൽ ആദിത്യനെന്ന പതിമൂന്നുകാരന്റെയും മേനംകുളം സ്വദേശിയായ ബിരുദ വിദ്യാർത്ഥി അനുജിത്ത് അനിലിന്റെയും ജീവനെടുത്തത് ഫ്രീഫയർ ഗെയിമാണ്. ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് രാപ്പകലില്ലാതെ കുട്ടികൾ ഗെയിമുകൾക്ക് അടിമപ്പെടുന്നത്. ഇത് കുട്ടികളിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കും. ഇന്ത്യയിൽ നിരോധിച്ച പബ്ജി പോലുള്ള ഗെയിമിന്റെ അതേ ആപത്ത് ഫ്രീഫയറിനും ഉണ്ടെന്നാണ് ക്ലിനിക്കൽ സൈക്കോളിസ്റ്റുകൾ പറയുന്നത്.

എന്താണ് ഫ്രീഫയർ ഗെയിം ?​


പബ്ജിക്ക് സമാനമായ സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമാണിത്. ലോക്ക് ഡൗൺ കാലത്താണ് ഇത് അരങ്ങ് തകർത്തത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്റെ അടുത്തഘട്ടത്തിലേക്ക് പോകാൻ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ മാതാപിതാക്കളുടെ അക്കൗണ്ട് ചോർത്തുന്നവരും കൂടി വരികയാണ്. ഫ്രീഫയർ കളിച്ച് കൂടുതൽ പോയിന്റ് നേടി ആ പ്രൊഫൈൽ തന്നെ വിൽക്കുന്ന സംഘങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ.

ആകർഷിക്കുന്ന

ഘടകങ്ങൾ

ആപ് സ്റ്റോറുകളിൽ ഗെയിം തികച്ചും സൗജന്യമാണ്.

പഠിച്ചെടുക്കാൻ എളുപ്പം കളിക്കാൻ സൗകര്യപ്രദം.

ഓൺലൈനിൽ ചാറ്റ് ചെയ്ത് കളിക്കാം.

ലോ-എൻഡ് സ്മാർട്ട് ഫോണുകളിൽ പോലും പൊരുത്തപ്പെടും.

സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാം.

പതിയിരിക്കുന്ന

അപകടം

വീടുവയ്ക്കാനുള്ളതുൾപ്പെടെ

നഷ്ടമായത് ലക്ഷങ്ങൾ

കണ്ണൂർ സെൻട്രൽ ജയിലിലെ വീവിംഗ് ഇൻസ്പെക്ടർ പാച്ചാറത്ത് വിനോദ്കുമാർ വീട് വയ്ക്കാനായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന 6,12,000 രൂപയാണ് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തത്. വീട് നിർമ്മാണത്തിന് വിനോദ് കുമാർ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. വിനോദ് കുമാറിന്റെ മകൻ ഓൺലൈനായി ഫ്രീഫയർ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തിൽ ചെറിയ തുക എൻട്രി ഫീസ് അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിലെ അക്കൗണ്ടിൽ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്പറും പാസ് വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.

ആലുവയിൽ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ 14 കാരനായ മകൻ ഫ്രീ ഫയർ കളിക്കാൻ ചെലവാക്കിയതാണെന്ന് വ്യക്തമായി. 50 രൂപമുതൽ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരൻ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി. മകനാണ് പണം നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് കേസ് വേണ്ടെന്ന് അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.

മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും വഴിയാണ് ഗെയിമിനായി പണം മുടക്കേണ്ടത്. ഇത്തരത്തിൽ ഒരോ ദിവസവും പലതവണ കുട്ടികൾ പണം മുടക്കാറുണ്ടെങ്കിലും വൻതുക പോയതിനു ശേഷമാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്.

മുന്നറിയിപ്പ്

കുട്ടികൾ ഒരു രസത്തിന് തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ച് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളിയാകുന്നതിന്റെ പ്രധാന കാരണം.

കഴിഞ്ഞഏതാനും മാസങ്ങൾക്കിടെ സംസ്ഥാനത്ത് ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടികൾ മുഴുവൻ പതിനഞ്ചിൽ താഴെ പ്രായമുള്ളവരാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി കുട്ടികൾക്ക് മൊബൈൽഫോണുകൾ കൈമാറുന്നവർ കുട്ടികൾ ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളിൽ ഇത്തരത്തിലുള്ള അഡിക്ഷനുള്ളതായി തിരിച്ചറിഞ്ഞാൽ വിദഗ്ദരായ സൈക്കോളജിസ്റ്റിന്റയോ പൊലീസിന്റെയോ സഹായം തേടേണ്ടതാണ്.

കുട്ടികളിലെ മാനസിക പിരിമുറുക്കം തടയുന്നതിന് പൊലീസ് ഹെൽപ്പ് ലൈനിലോ സർക്കാർ ഹെൽപ്പ് ലൈൻ നമ്പരായ 1056, 0471-2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.