c

ഒരാളെ രജിസ്റ്റർ ചെയ്യിക്കുമ്പോൾ ആശാപ്രവർത്തകർക്ക് രണ്ട് രൂപ അലവൻസ്

കൊല്ലം: ഡിജിറ്റൽ സൗകര്യമില്ലാത്തതിനാൽ വാക്സിനുവേണ്ടി ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരെ സഹായിക്കാൻ ആശാപ്രവർത്തകർ ഇനിമുതൽ വീട്ടിലെത്തും. എത്രയും പെട്ടെന്ന് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയാണ് 'വേവ് ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം.

പുതിയ പദ്ധതിയനുസരിച്ച് ഈമാസം 31ന് മുൻപ് തങ്ങൾക്ക് ചുമതലയുള്ള വാർഡുകളിലെ എല്ലാവരും വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്തെന്ന് ആശാപ്രവർത്തകർ ഉറപ്പാക്കണം. സ്മാർട്ട് ഫോണില്ലാത്തവരെ ആശാപ്രവർത്തകരുടെ ഫോണിലൂടെ രജിസ്റ്റർ ചെയ്യാൻ സഹായിക്കണം. വീടുകൾ കയറി രജിസ്റ്റർ ചെയ്യിക്കുന്നതിന് പുറമേ ആവശ്യമെങ്കിൽ ഏതെങ്കിലും പൊതുകേന്ദ്രവും സജ്ജമാക്കാം. ഇതിനുള്ള ഭൗതിക സൗകര്യങ്ങൾ തൊട്ടടുത്തുള്ള പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കി നൽകും. ഒരാളെ വാക്സിനായി രജിസ്റ്റർ ചെയ്യിക്കുന്നതിന് ആശാ പ്രവർത്തകയ്ക്ക് രണ്ട് രൂപയാണ് അലൻസായി ലഭിക്കുക. ബ്ലോക്ക്, ജില്ലാ തലത്തിലുള്ള വാക്സിനേഷൻ ടാസ്ക് ഫോഴ്സ് രജിസ്ട്രേഷന്റെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്തും. ഡോസുകൾ ലഭിക്കുന്നമുറയ്ക്ക് ഇവർക്ക് വാക്സിൻ ലഭ്യമാക്കും.

60000 ഡോസ് വാക്സിനെത്തി

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 60000 ഡോസ് വാക്സിനെത്തി. അതുകൊണ്ടുതന്നെ വരുന്ന മൂന്ന് ദിവസത്തേക്ക് ജില്ലയിൽ വാക്സിന് കാര്യമായ ക്ഷാമം ഉണ്ടാകാനിടയില്ല. ഇപ്പോൾ ഓരോ കേന്ദ്രങ്ങളിലും പകുതി ഡോസ് സ്പോട്ട് രജിസ്ട്രേഷന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്.

ജില്ലയിൽ വാക്സിനേഷൻ ഇതുവരെ

ആദ്യ ഡോസെടുത്തവർ: 851578

രണ്ട് ഡോസുകളെടുത്തവർ: 293229

ആകെ ഡോസുകൾ: 11, 44, 807