തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി പാസാക്കി
കൊല്ലം: നഗരപരിധിയിൽ ഇനി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നവർ കനത്ത പിഴയൊടുക്കേണ്ടി വരും. 2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമം, കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലെ ചട്ടങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പുതിയ തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലിക്ക് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി.
പുതിയ നിയമവലി നഗരസഭാ സെക്രട്ടറി ഉത്തരവായി പുറപ്പെടുവിച്ച് പ്രസിദ്ധീകരിക്കും. തുടർന്ന് നിയമലംഘനത്തിന് പിടിയിലാകുന്നവർക്ക് ഉപനിയമാവലിയിൽ പറയുന്ന കനത്ത പിഴ ചുമത്തും. നിലവിൽ നിസാരമായ തുകയാണ് നഗരത്തിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് ഈടാക്കുന്നത്.
പൊതുസ്ഥലങ്ങൾ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യം അടിഞ്ഞുകൂടി ജലാശയങ്ങളിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
വ്യാപാരികൾ ജാഗ്രതൈ
പുതിയ നിയമപ്രകാരം നഗരത്തിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ക്യാരിബാഗുകൾ, കവറുകൾ എന്നിവ വിൽക്കുകയില്ലെന്നുള്ള അറിയിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. പുനഃചംക്രമണ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്, ലോഹങ്ങൾ തുടങ്ങിയവ പൂശിയ കവറുകൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ അവ തിരിച്ചെടുക്കാനുള്ള സംവിധാനവും ഉറപ്പാക്കണം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിശ്ചിത ഇടവേളകളിൽ സംഭരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും നിയമത്തിൽ പറയുന്നു.
നിയമം ലംഘിച്ചാലുള്ള പിഴ
01. ആദ്യതവണ ലംഘിച്ചാൽ: 10,000 രൂപ
02. രണ്ടാം തവണ: 25,000 രൂപ
03. തുടർന്നുള്ള ലംഘനങ്ങൾക്ക്: 50,000 രൂപ
04. തുടർച്ചയായി ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും