കൊല്ലം: തുക അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എഴുകോൺ സബ് രജിസ്ട്രാർ ഓഫീസിനും വില്ലേജ് ഓഫീസിനും കെട്ടിടമായില്ല. അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴും തടസം. നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് ജംഗ്ഷനിൽ മാടൻകാവ് ക്ഷേത്രത്തിന്റെ മുന്നിലായിട്ടാണ്. ഈ ഭൂമിയെച്ചൊല്ലിയുള്ള അവകാശത്തർക്കങ്ങൾ തുടരുന്നതിനാൽ ഇവിടെ നിർമ്മിക്കാൻ കഴിയില്ല. വിഷയം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തു. സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് ഗ്രാമപഞ്ചായത്തിന്റെ കോംപ്ളക്സിലെ മുറികളിലാണ്. ഇവിടെ മതിയായ സൗകര്യങ്ങളില്ല. സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുമുണ്ടായിരുന്നു.
ഭൂമി വിട്ടുകിട്ടിയാൽ
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രണ്ട് സർക്കാർ ഓഫീസുകൾക്കും ഭൂമിയില്ലാത്തതിന്റെ പേരിൽ കെട്ടിടങ്ങൾ നിർമ്മിക്കാനുമാകുന്നില്ല. പഞ്ചായത്ത് ആസ്ഥാനത്തിന് സമീപത്തായി ചന്തയുടെ ഭാഗമായ നാല്പത് സെന്റ് ഭൂമി അനുയോജ്യമാണ്. ഇത് വിട്ടുകിട്ടിയാൽ താഴെ ചന്ത പ്രവർത്തിപ്പിക്കുന്നതിനും മുകളിലത്തെ രണ്ട് നിലകളിലായി വില്ലേജ് ഓഫീസും സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കുന്നതിനും കഴിയും. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
മന്ത്രിയുമായി ചർച്ച നടത്തും
വില്ലേജ് ഓഫീസിനും സബ് രജിസ്ട്രാർ ഓഫീസിനും പ്രത്യേകം സ്ഥലം കണ്ടെത്തുക പ്രയാസമെന്നിരിക്കെ ഈ സ്ഥലം പ്രയോജനപ്പെടുത്തണമെന്നാണ് പൊതുവെ ഉയരുന്ന നിർദ്ദേശം. തീരുമാനമുണ്ടായാൽ ഉടൻതന്നെ ടെണ്ടർ നടപടികളിലേക്ക് കടക്കാനാകും. ഇക്കാര്യത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്താനാണ് ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും ആലോചിക്കുന്നത്.