കൊല്ലം: എസ്.പി ഹരിശങ്കറിനെതിരെ വ്യാജപരാതി നൽകിയ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറികൂടിയായ ഗ്രേഡ് എസ്.ഐയ്ക്കെതിരെ നടപടിക്ക് നിർദേശം. എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉണ്ണിക്കൃഷ്ണ പിള്ളയ്ക്കെതിരെയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്കൊരുങ്ങുന്നത്. കൊല്ലം റൂറൽ എസ്.പിയായിരുന്ന ഹരിശങ്കറിനെതിരെയാണ് ഉണ്ണിക്കൃഷ്ണപിള്ള മുൻപ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്. ഉണ്ണിക്കൃഷ്ണപിള്ള കൊല്ലം റൂറൽ കൺട്രോൾ റൂമിൽ ജോലിചെയ്യവേ വാഹനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി എസ്.പിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണപിള്ളയെ എഴുകോൺ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. എഴുകോൺ സ്റ്റേഷനിൽ ജോലി ചെയ്യവേ ഒരാളുടെ ജെ.സി.ബി തമിഴ്നാട് പലിശപ്പണസംഘം കൈക്കലാക്കിയ സംഭവമുണ്ടായി. ഈ കേസിൽ തമിഴ് പലിശസംഘത്തെപ്പറ്റി അന്വേഷണത്തിനായി റൂറൽ എസ്.പി ഹരിശങ്കർ തീരുമാനമെടുത്തു. എഴുകോൺ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസന്വേഷണം തുടങ്ങിയെങ്കിലും ഗ്രേഡ് എസ്.ഐ ഉണ്ണിക്കൃഷ്ണപിള്ള തമിഴ്നാട്ടിൽപോയി പലിശക്കാരുമായി ധാരണയിലെത്തി കേസ് തീർപ്പാക്കിയെന്ന് ആരോപണമുയർന്നു. ഇതിൽ പുനലൂർ ഡിവൈ.എസ്.പി അന്വേഷണം നടത്തി എസ്.പി ഹരിശങ്കറിന് റിപ്പോർട്ട് നൽകുകയും ഉണ്ണിക്കൃഷ്ണപിള്ളയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ഇതോടെയാണ് എസ്.പി ഹരിശങ്കർ തനിക്കെതിരെ വ്യക്തി വിരോധത്താൽ നടപടി കൈക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉണ്ണിക്കൃഷ്ണ പിള്ള ഡി.ജി.പിക്ക് പരാതി നൽകിയത്.
എൻ.ആർ.ഐ സെൽ എസ്.പി മഹേഷ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണ പിള്ളയ്ക്ക് എതിരെ ഹരിശങ്കർ എടുത്തിട്ടുള്ള നടപടി വ്യക്തമായ കാരണങ്ങളോടെയാണെന്നാണ് അന്വേഷണ റിപ്പോർട്ട്. തനിക്കെതിരെ കഴമ്പില്ലാത്ത പരാതി നൽകിയതിനെതിരെ വിജിലൻസ് എസ്.പിയായ ഹരിശങ്കർ ഡി.ജി.പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്ണപിള്ളയ്ക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്. ഡി.ഐ.ജി സഞ്ജയ്കുമാർ ഗരുഡിൻ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.