photo
കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ സംസാരിക്കുന്നു.

കരുനാഗപ്പള്ളി: മൺസൂൺ കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെ മറികടക്കാൻ മുൻകരുതലുകൾ സ്വീകരിക്കാൻ കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ സി.ആർ.മഹേഷ് എം.എൽ.എ വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഹാർബർ എൻജിനീയറിംഗ് റിംഗ് റോഡുകളുടെ നിർമ്മാണവും മറ്റു പ്രദേശത്തെ മേജർ - മൈനർ ഇറിഗേഷൻ നിർമ്മാണങ്ങളും അടിയന്തരമായി പൂർത്തിയാക്കുവാൻ തീരുമാനിച്ചു.

മൻസൂണിന്റെ വരവിനു മുൻകരുതലായി ഐ.ആർ.ഇ യുടെ എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള കടൽഭിത്തി, പുലിമുട്ട് എന്നിവ വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് ഐ.ആർ.ഇ കമ്പനിയുടെ പ്രതിനിധികൾകൾ യോഗത്തെ അറിയിച്ചു.

പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.

കെ .എം .എം .എൽ മൈനിംഗ് ഏരിയയിൽ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിന് കമ്പനി അധികൃതരുമായി ചർച്ച നടത്താനും തീരുമാനിച്ചു.

ഹാർബർ നവീകരണത്തിന്റെ പ്രവർത്തനങ്ങൾ ത്വരിത പെടുത്തുവാൻ തീരുമാനിച്ചു. തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾക്കായി ഹാർബറിൽ ടോയ്‌ലെറ്റ് സൗകര്യം ഏർപ്പെടുത്തുകയും ഹാർബറിന് ചുറ്റുമതിൽ പൂർത്തീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

പണിക്കർ കടവ് പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. പാറയുടെ ലഭ്യതക്കുറവാണ് വികസനപ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്നതെന്ന പൊതു പരാതി യോഗത്തിലുയർന്നു. ക്വാറികൾക്ക് ലൈസൻസ് കൊടുക്കുമ്പോൾ ഖനനം ചെയ്യുന്ന പാറയുടെ 50ശതമാനം സർക്കാർ പ്രവർത്തികൾക്ക് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടാത്തത് ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു